കേരളം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ് ലാമിന്റെ പ്രകാശം വീശിയ പ്രഥമ സ്ഥലം

കേരളം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ് ലാമിന്റെ പ്രകാശം വീശിയ പ്രഥമ സ്ഥലം

മുസ് ലിം ചരിത്രത്തിലും ഇന്തോ-അറബ് ഭൂഖണ്ഡങ്ങളുടെ ചരിത്രത്തിലും കേരളത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുകയാണ് ഈ ലേഖനോദ്ദേശ്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി മുസ് ലിംകള്‍ വന്നിറങ്ങിയത് കേരളത്തിലാണെന്നും കേരളത്തിന്റെ പൗരാണിക തലസ്ഥാനവും തുറമുഖവുമായ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ‘ചേരമാന്‍ പെരുമാള്‍ പള്ളി’ യാണ് ഉപഭൂഖണ്ഡത്തിലെ പ്രഥമ മസ്ജിദെന്നും ചരിത്രം രേഖപ്പെടുത്തുന്നു. പ്രസ്തുത മസ്ജിദ് ചേരമാന്‍ പെരുമാള്‍ രാജാവ് നല്‍കിയ സ്ഥലത്ത് ഹിജ്‌റ 5ാം വര്‍ഷം (അതായത് നബിയുടെ മരണത്തിന് 5 വര്‍ഷം മുമ്പ്) നിര്‍മ്മിച്ചതാണെന്ന് പള്ളിയിലും മറ്റു ചരിത്ര രേഖകളിലും ഇപ്പോഴും കാണാവുന്നതാണ്. ഇസ് ലാം മത പ്രചാരണം പ്രവാചകന്റെ കാലത്ത് തന്നെ കേരളക്കരയില്‍ ആരംഭിച്ചിരുന്നു എന്നാണ് ഭൂരിപക്ഷം ചരിത്രകാരന്മാരുടെയും നിഗമനം. മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ റോമന്‍ ആധിപത്യത്തില്‍നിന്ന് മോചനം നേടിയപ്പോഴാണല്ലോ ആധുനിക അറബി സംസ്‌കാരത്തിന്റെ നാമ്പുകള്‍ പ്രസ്തുത ദേശങ്ങളില്‍ തലയുയര്‍ത്തിയത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് ഈജിപ്ത് സ്ഥാപിച്ചിരുന്ന വിദേശബന്ധം റോമന്‍ ആധിപത്യത്തോടെ തകര്‍ന്നുവെന്നു പറയാം. ശക്തമായ ക്രൈസ്തവ മുന്നേറ്റത്തിന്റെ സ്വാധീനമാണ് പഴയ അറബി രാജ്യങ്ങളില്‍ നിലനിന്നിരുന്നത്. അറേബ്യന്‍ മണലാരണ്യത്തില്‍ പുത്തന്‍ സന്മാര്‍ഗ്ഗനീതിയുടെ പ്രകാശം കണ്ടുതുടങ്ങിയതോടെ ഈജിപ്തിലും അയല്‍ രാജ്യങ്ങളിലും അതിന്റെ പ്രകാശവീചികള്‍ കടന്നുചെന്നു. ബിംബാരാധനയിലും അന്ധമായ അനാചാരങ്ങളിലും ആമഗ്നരായിരുന്ന അറബ് ഗോത്രങ്ങള്‍ ഇസ്്‌ലാം മതം സ്വീകരിച്ചതോടെ സമുദായ പ്രമുഖന്മാര്‍ ഇസ്്‌ലാം മതത്തിന്റെ സന്ദേശവാഹകരായി വിദേശങ്ങളിലേക്ക് പുറപ്പെട്ടു. യമനിലേയും ഹദാറൗത്തിലേയും തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഹിജ്‌റയുടെ ആരംഭത്തില്‍ തന്നെ ഇസ്്‌ലാമിലേക്ക് ആകൃഷ്ടരായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. പ്രസ്തുത തീരങ്ങളിലെ വന്‍കിട തുറമുഖങ്ങളുമായി ശതാബ്ദങ്ങള്‍ക്കു മുമ്പേ കേരളത്തിന് കച്ചവട ബന്ധമുണ്ടായിരുന്നെന്ന് റോമന്‍ ചരിത്രകാരന്മാര്‍ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്ര വാണിജ്യമാണ് ഇസ്്‌ലാം മതത്തിന് പ്രചാരണം നേടിക്കൊടുത്തത്. സമുദ്രവാണിജ്യത്തില്‍ സുപ്രധാനമായ സ്ഥാനം കരസ്ഥമാക്കിയ അക്കാലത്തെ വ്യാപാരികള്‍ യൂറോപ്പിലും ഏഷ്യയുടെ പ്രധാന ഭാഗങ്ങളിലും എത്തിയിരുന്നു. ‘അവരുടെ കപ്പലുകള്‍ പേര്‍ഷ്യ, ഈജിപത്്, സിന്ധ്, കൊങ്കണം, മലബാര്‍ മഅ്ബര്‍, സിലോണ്‍, ഗാഖില, സാജിബ്(ജാപ), ചൈന, മലേഷ്യ മുതലായ രാജ്യങ്ങളിലേക്ക് പോയ്‌ക്കൊണ്ടിരുന്നു. അവര്‍ വ്യാപാരാര്‍ത്ഥം എവിടെയെല്ലാം പോയിരുന്നുവോ അവിടെയെല്ലാം ഇസ്്‌ലാം മതത്തിന്റെ സന്ദേശങ്ങള്‍ എത്തിച്ചു. അങ്ങനെ ആദ്യത്തെ നൂറ്റാണ്ടില്‍തന്നെ ഇസ്്‌ലാമിന്റെ ശബ്ദം ഇന്ത്യ കടന്ന് സിലോണ്‍ വരെയെത്തി.’ (പ്രാചീന മലബാര്‍, ശംസുല്ല ഖാദിരി. പരിഭാഷ: വി.അബ്ദുല്‍ ഖയ്യും, പേജ്: 22).
മലബാറിലെ ഉല്‍പ്പന്നങ്ങള്‍ക്ക് അറേബ്യന്‍ തീരത്ത് വില വര്‍ധിച്ചു. പണ്ടത്തെ അറബികളും സോമാലികളും നടത്തിയിരുന്ന സമുദ്ര വ്യാപാരം ഇസ്്‌ലാം മത വിശ്വാസികളായ പുതിയ കച്ചവടക്കാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തുടര്‍ന്നു.

അറേബ്യയില്‍നിന്ന് ഒരു തീര്‍ത്ഥാടക സംഘം സിലോണിലേക്ക് പുറപ്പെട്ടു. ഈ സംഘമാണ് കേരള തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്ത് വിശ്രമാര്‍ത്ഥം ഇറങ്ങിയത്. അറേബികള്‍ ഇതര രാജ്യങ്ങളിലേക്കും ഇതുപോലെ പ്രതിനിധികളെ അയച്ചുകൊണ്ടിരുന്നു. സിലോണില്‍ ചരിത്രപ്രസിദ്ധമായ ഒരു ആരാധനാ കേന്ദ്രമുണ്ട് – ആദംമല. അത് എല്ലാ മതവിഭാഗങ്ങളെയും ആകര്‍ഷിച്ചുകൊണ്ടിരുന്നു. ഒരു പുണ്യ കേന്ദ്രമെന്നനിലക്ക് അറേബ്യന്‍ മുസ്്‌ലിംകളുടെ ഒരു സംഘം സിലോണിലേക്ക് യാത്രയായി. അക്കാലത്ത് കപ്പല്‍ വഴി സിലോണിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്രപുറപ്പെട്ട യാത്രക്കാരെല്ലാം പ്രശസ്തിയാര്‍ജ്ജിച്ച ‘കൊടുങ്ങല്ലൂര്‍’ തുറമുഖത്ത് അടുത്തിരുന്നു. യാത്രക്കാര്‍ കൊടുങ്ങല്ലൂര്‍ കപ്പല്‍ അടുപ്പിക്കുകയും നാട് ചുറ്റിക്കാണുകയും ചെയ്ത ശേഷം വീണ്ടും യാത്രയാരംഭിക്കുകയാണ് പതിവ്.
ആദം മലയെ ഓരോ സമുദായക്കാരും പുണ്യകേന്ദ്രമായി കണക്കാക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഈ ഉന്നത ഗിരിക്ക് സമുദ്രനിരപ്പില്‍നിന്ന് 7260 അടിയാണ് പൊക്കം. സമുദ്ര സഞ്ചാരം ചെയ്യുന്ന നാവികര്‍ക്ക് ആദം മല എളുപ്പത്തില്‍ കാണാം. ആദംമല കൊടുമുടിയില്‍ ഒരു വലിയ മനുഷ്യപാദം വെച്ച ആകൃതിയില്‍ ഒരടയാളമുണ്ട്. ഈ അടയാളത്തിന് 4 അടി നീളമുണ്ട്. സിങ്കാളിയരും സയാമുകാരും ബര്‍മ്മാക്കാരും ടിബ്റ്റുകാരും ഈ പാദം ശ്രീബുദ്ധന്റെയാണെന്നവകാശപ്പെടുന്നു. സനാതനവാദികളായ ഹിന്ദുക്കള്‍ ശിവന്റെതാണെന്നും പറയുന്നു. മുസല്‍മാന്മാര്‍ ആദിപിതാവായ ആദമിന്റെ കാല്‍മുദ്രയാണെന്ന് അഭിപ്രായപ്പെടുന്നു. വിശുദ്ധ സെന്റ് തോമസ്സിന്റെതാണെന്ന് ക്രിസ്ത്യാനികളും അവകാശപ്പെടുന്നുണ്ട്. എങ്ങനെയായാലും വിവിധ മതക്കാര്‍ ഒരുമിച്ചുചേരുന്ന ഒരു വിശിഷ്ട കേന്ദ്രമാണ് ആദംമലയെന്ന് നിസ്സംശയം പറയാം. ബുദ്ധമതക്കാരുടെ തിക്കും തിരക്കും എല്ലാ വര്‍ഷങ്ങളിലും ആദം മലയിലനുഭവപ്പെടുന്നുണ്ട്. അവര്‍ ഈ പാദമുദ്രക്ക് ചുറ്റും ഒരു സുരക്ഷിതവലയം സൃഷ്ടിച്ചിട്ടുണ്ട്.
കേരളത്തിലെത്തിയ യാത്രാ സംഘത്തിന്റെ യാത്രോദ്ദേശ്യം ഔത്സുക്യത്തോടു കൂടി ചോദിച്ചറിയുകയും അറേബ്യയിലെ സുഖക്ഷേമത്തെപ്പറ്റി ഗ്രഹിക്കുകയും ചെയ്ത ഭരണാധികാരിയെപ്പറ്റി യാത്ര സംഘാംഗങ്ങള്‍ക്ക് വളരെ ബഹുമാനം തോന്നി. യാത്രാ സംഘം കൊടുങ്ങല്ലൂര്‍ വന്നതുതന്നെ ഒരു മഹത്തായ കാര്യമായി ഭരണാധികാരികള്‍ കണ്ടു. അറേബ്യയിലെ മതപരിഷ്‌കര്‍ത്താവിനെപ്പറ്റി ചോദിച്ചറിഞ്ഞു. സാഹോദര്യത്തിനും സമഭാവനക്കും പ്രാമുഖ്യം നല്‍കി ജനങ്ങളുടെയിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനമാരംഭിച്ചിരുന്ന നബി(സ) യുടെ അപദാനങ്ങള്‍ ശ്രോതാക്കളില്‍ ആശയും ആവേശവും പകര്‍ന്നു. യാത്രാസംഘാംഗങ്ങള്‍ പ്രസ്തുത മഹത്തായ സന്ദേശത്തിന്റെ വാഹകരും നബിയുടെ അനുയായികളുമാണെന്നറിഞ്ഞപ്പോള്‍ ഭരണാധികാരികള്‍ക്ക് അവരുടെ കൂടെ അനുഗമിക്കണമെന്ന് അഭിലാഷം തോന്നി. യാത്രാ സംഘം സിലോണില്‍ പോയി സസുഖം തിരിച്ചുവരാനായി ആശംസിക്കുകയും തിരിച്ച് കൊടുങ്ങല്ലൂര്‍ വരുമ്പോള്‍ താനും അറേബ്യ സന്ദര്‍ശിക്കുവാന്‍ കൂടെ പോരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. യാത്രാ സംഘം മടക്കയാത്രയില്‍ കേരളത്തിലിറങ്ങാമെന്ന് വാക്ക് കൊടുത്ത് യാത്രയാരംഭിച്ചു.

സഞ്ചാരികളായ ഈ അറബികളാണ് കേരളത്തിലെത്തിയ ആദ്യത്തെ മതപ്രചാരകന്മാരെന്ന് സമ്മതിക്കുന്നതോടൊപ്പം, ഇവരുടെ മതപരമായ പാണ്ഡിത്യത്തെ പ്രശംസിക്കുകയും ചെയ്തിട്ടുള്ള രേഖകള്‍ നമുക്ക് കാണാന്‍ കഴിയും. ‘ഇസ്്‌ലാം’ ധര്‍മ്മ പ്രചാരണാര്‍ത്ഥം ആരംഭിച്ച സാമൂഹികവിപ്ലവം ഇതര സഹോദര സമുദായങ്ങളുടെയിടയിലേക്ക് കടന്നതും വളര്‍ന്നതും ഈ സഞ്ചാരികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കൊണ്ടാണ്.

ചേരമാന്റെ കാലത്ത് കേരളത്തില്‍ വന്ന അറബ് പ്രതിനിധികള്‍ക്ക് ചരിത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി കാണുന്നു. ചേരമാന്‍ പെരുമാളുടെ ആതിഥ്യ മര്യാദയും സ്‌നേഹവും അറബികളും എടുത്തു പറഞ്ഞിരിക്കുന്നു. ആ ആതിഥ്യമര്യാദ ഇന്നും കേരളീയരില്‍നിന്ന് മാഞ്ഞുപോയിട്ടില്ല.
കേരള ചരിത്രത്തില്‍ ഇത്രയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള മറ്റൊരു സംഭവം ഉണ്ടെന്ന് തോന്നുന്നില്ല. ചേരമാന്‍ പെരുമാള്‍ അറേബ്യയില്‍ പോയെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. ചരിത്രകാരന്മാരില്‍ ഒരു വിഭാഗം ചേരമാന്റെ കാലനിര്‍ണ്ണയം സംശയാസ്പദമെന്ന് വിധിക്കുന്നു. ചേരമാന്‍ കൈലാസത്തിലേക്ക് പോയെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളവരും ചരിത്രകാരന്മാരിലുണ്ട്. ആ ഭരണാധിപനെ തെളിവുകളുടെ പിന്‍ബലമില്ലാതെ കൈലാസത്തിലേക്ക് അയക്കുന്നവരോട് സഹതപിക്കുകയേ തരമുള്ളൂ. ചേരമാന്‍ അറേബ്യയില്‍ പോയെന്ന് നിഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകും. പക്ഷേ, അദ്ദേഹം ഇസ്്‌ലാം മതം സ്വീകരിച്ചെന്ന വാര്‍ത്ത മറച്ചുപിടിക്കാനാണ് സങ്കുചിത മനസ്‌കരായ ചിലരുടെ ശ്രമം. ആരായിരുന്നു ചേരമാന്‍? ഇതിന് വളച്ചു കെട്ടില്ലാതെ ഉത്തരം പറയേണ്ടത് ചരിത്രകാരന്മാരുടെ കര്‍ത്തവ്യമാണ്. ചരിത്രരേഖകളുടെ പിന്‍ബലത്താല്‍ പല വിവരങ്ങളും പുറത്തുകൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല.

ചേരമാന്‍ പെരുമാളിന്റെ പ്രശസ്തി ഭരണാധികാരിയെന്ന നിലക്ക് കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ വ്യാപിച്ചിരുന്നു. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളെ സംബന്ധിച്ച് പല ഐതിഹാസിക കഥകളും മലയാളികളുടെയിടയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പെരുമാള്‍ എന്നത് വംശപരമ്പരയാണ്. നാല് ഘട്ടങ്ങളിലായി 58 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്നു. ബുദ്ധമതവും ക്രിസ്തീയമതവും വിശ്വസിച്ച പെരുമാള്‍ മാരും ഉണ്ടായിരുന്നു. അവസാനത്തെ പെരുമാള്‍ ഇസ്്‌ലാം മതം സ്വീകരിച്ചുവെന്നാണ് ചരിത്രം. പ്രവാചകന്റെ കാലത്തു തന്നെ കേരളക്കരയില്‍ ഇസ്്‌ലാം മതം പ്രചരിച്ചിരുന്നെന്നും അതിനുമുമ്പുതന്നെ അറബികളുമായി കേരളം വ്യാപാരബന്ധം പുലര്‍ത്തിപ്പോന്നിരുന്നെന്നും ബാഗ്ദാദില്‍ 9-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘അലിഅല്‍ത്വബ് രി’ എന്ന പ്രശസ്ത ചരിത്രപണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: ‘അറേബ്യ സാംസ്‌കാരികമായി വെളിച്ചം കാണുന്നത് ഏഴാം നൂറ്റാണ്ടിലാണ്. എന്നാലും വ്യാപാര പ്രിയരും സഞ്ചാരികളുമായ അറേബ്യന്‍ സിന്ധിലും കേരളത്തിലും അവരുടെ കപ്പലുകളുമായി ആറാം നൂറ്റാണ്ടില്‍ തന്നെ ചെന്നെത്തിയിരുന്നു. വിദേശരാജ്യങ്ങളിലേക്ക് പോയ ഇസ്്‌ലാമിക പ്രചാരകര്‍ വനോല്‍പ്പന്നങ്ങള്‍ വാങ്ങുകയും അറേബ്യയുടെ സംസ്‌കാരം പകര്‍ന്നു കൊടുക്കുകയും ചെയ്തു. കേരളം ഈ വ്യാപാര പ്രമുഖന്മാരെ സ്വീകരിച്ചു ബഹുമാനിച്ചു. പ്രവാചകവര്യന്റെ അപദാനങ്ങള്‍ കേട്ട അന്നത്തെ ഭരണാധികാരി ഇസ്്‌ലാമിക സന്ദേശം സ്വീകരിച്ച് അറേബ്യ സന്ദര്‍ശിച്ചു. പ്രവാചകന്റെ അതിഥിയായി പതിനേഴ് ദിവസം അറേബ്യയില്‍ താമസിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച ഭരണാധികകാരിയാണ് അന്നത്തെ കേരള പെരുമാള്‍. വിദ്യാഭ്യാസത്തിനും ക്ഷാമനിവാരണത്തിനുമായി വളരെയധികം പണം ജിദ്ദയിലും ഷെഹര്‍മുഖല്ലയിലും ചെലവഴിച്ച ഈ ദാനശീലന്‍ അറേബ്യന്‍ പ്രഭുക്കള്‍ക്ക് മാതൃകകാണിക്കുക കൂടി ചെയ്തു.’ (Pradise of wisdom. by Al-Tabari)
ഈ ഭരണാധികാരി ചേരമാന്‍ പെരുമാളാണെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. അലി അല്‍ത്വബ് രിയുടെ ഗ്രന്ഥത്തില്‍, ആറാം നൂറ്റാണ്ടു മുതല്‍ കേരളത്തിന് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ വിദേശിയരായ യാത്രക്കാരില്‍ അറബികളാണ് ഇവിടെ കൂടുതല്‍ വന്നിരുന്നതെന്നും അവരില്‍ ഒരു വിഭാഗം ഇസ്്‌ലാം മത പ്രചാരകന്മാരായിരുന്നുവെന്നും വ്യക്തമാക്കുന്നു. ആ മത പ്രചാരകന്മാര്‍ക്ക് ഇസ്്‌ലാം മതാനുയായിയായ ഒരു കേരള രാജാവിന്റെ പിന്തുടര്‍ച്ചക്കാര്‍ വേണ്ടത്ര സഹായം ചെയ്തിരുന്നുവെന്നും കാണാം.

ആദ്യത്തെ മുസ് ലിം രാജവംശം

പ്രശസ്തമായ കണ്ണൂര്‍ അറക്കല്‍ രാജകുടുംബം ആദ്യം സ്ഥിതി ചെയ്തിരുന്നത് ധര്‍മ്മടത്താണ്. പൗരാണികര്‍ ധര്‍മ്മപട്ടണം എന്നു വിളിച്ചിരുന്ന ആ പ്രദേശമാണ് ധര്‍മ്മടമായി മാറിയത്. മുമ്പൊരു ഉയര്‍ന്ന വ്യാപാര കേന്ദ്രമായിരുന്ന ധര്‍മ്മടം കാലക്രമേണ ക്ഷയിച്ചു. അക്കാലത്തെ അറക്കല്‍ കൊട്ടാരത്തില്‍ ഒരു മരപ്പലകയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന അറബി പദ്യം കൊട്ടാരം പൊളിച്ചപ്പോള്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്. കുറെ ഭാഗം ചിതല്‍ തിന്നെങ്കിലും വിലയേറിയ മറ്റു ചില ഭാഗങ്ങള്‍ ലഭിച്ചു. ആ രേഖയില്‍ ഇങ്ങനെ കാണുന്നു: ‘ചേരമാന്‍ പെരുമാളോടൊപ്പം യാത്ര പുറപ്പെട്ടവരില്‍ ഏതാനും കേരളീയരുണ്ടായിരുന്നു.’ ചേരമാന്‍ മക്കയില്‍ പോയി മടങ്ങി വരുമ്പോള്‍ വഴിമധ്യേ മരിച്ചുവെന്നും മരിക്കുമ്പോള്‍ ചേരമാന്റെ പേര്‍ ‘ താജുദ്ദീന്‍’ എന്നായിരുന്നുവെന്നും ആ പദ്യത്തില്‍ പറയുന്നു. അറക്കല്‍ സ്വരൂപത്തിന്റെ ചരിത്രം ഈ രേഖയെ പ്രബലപ്പെടുത്തുന്നുണ്ട്. അറക്കല്‍ രാജവംശം സ്ഥാപിതമായത് ഹിജ്‌റ 1-ാം നൂറ്റാണ്ടിലാണെന്ന് അറക്കല്‍ രാജകുടുംബത്തിലുള്ള കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.

ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ കാലത്തു തന്നെ മക്കയിലേക്ക് പോയിട്ടുണ്ടെന്നാണ് അറക്കല്‍ രാജ്യസ്വരൂപത്തില്‍ നിന്നു കിട്ടിയ അമൂല്യമായ ഒരു ഗ്രന്ഥവരിയില്‍ നിന്ന് വ്യക്തമാകുന്നത്. കൊടുങ്ങല്ലൂര്‍ ചെന്ന് കപ്പല്‍ കയറി അദ്ദേഹം മക്കത്തു ചെന്ന് മുഹമ്മദ് നബി(സ)യെ കണ്ടു. മാലിക്ക് ദീനാര്‍ വംശത്തിലെ ഒരു സ്ത്രീയെ കല്യാണം കഴിച്ചു. മലയാളത്തില്‍ (കേരളത്തില്‍) ആ മതത്തെ പ്രചാരം ചെയ്യേണ്ടതിന് മാലിക്ക് ബിന്‍ ദീനാര്‍ എന്ന ആളെക്കൂടി കൂട്ടി മലയാളത്തില്‍ ചെന്ന് ഇസ്്‌ലാം മത പ്രബോധനം ചെയ്യണമെന്ന് കല്‍പിച്ചു. അങ്ങനെ തന്നെയെന്നു സമ്മതിച്ചു രണ്ടാളും സഫാറിലേക്ക് വന്നപ്പോള്‍ അവിടെവെച്ചു ചേരമാന്‍ പെരുമാള്‍ പരലോകം പ്രാപിച്ചു. മാലിക് ദീനാര്‍ എന്ന ആള്‍ കേരളത്തില്‍ വന്ന് കൊടുങ്ങല്ലൂരിറങ്ങി. ഇസ്്‌ലാം മതത്തെ സംബന്ധിച്ച് ധര്‍മ്മ പട്ടണത്തില്‍ പ്രചാരണം ആരംഭിച്ചു. ചേരമാന്‍ പെരുമാള്‍ വംശം ഇസ്്‌ലാം സ്വീകരിച്ചു.

ചേരമാന്‍ പെരുമാളുടെ സഹോദരിയായ ‘ശ്രീദേവി’ യുടെ മകനായ ‘മഹാബലി’ എന്ന കുട്ടിക്ക് മുഹമ്മദലി എന്ന് പേര്‍ വിളിച്ചു. ആ മുഹമ്മദലി തന്നെ സുല്‍ത്താന്‍ ആലിരാജ സ്വരൂപത്തിലെ ആദി രാജാവ് (മക്കന്‍സിമാന്‍ സ്‌ക്രിപ്റ്റ് – മദ്രാസ് ഓറിയന്റല്‍ ലൈബ്രറി). അപ്പോള്‍ പ്രവാചകന്റെ കാലത്താണ് ചേരമാന്‍ പെരുമാളുടെ മക്കാ യാത്രയെന്ന് വ്യക്തമാകുന്നു.
മുഹമ്മദു നബി(സ) യുടെ ജീവിത കാലത്തു തന്നെ കേരളത്തില്‍ ഇസ്്‌ലാമിന്റെ പ്രകാശം അറബി-മുസ്്‌ലിം പ്രബോധകര്‍ വഴി എത്തിയെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രഥമ മുസ്്‌ലിം കേന്ദ്രം കേരളമാണെന്നും ചരിത്രം തെളിയിക്കുന്നു.

ഡോ.മുഹ് യിദ്ദീന്‍ ആലുവായ്‌

മിതത്വം: മാതൃകാ സമൂഹത്തിന്റെ അനിവാര്യ ഗുണം

മിതത്വം: മാതൃകാ സമൂഹത്തിന്റെ അനിവാര്യ ഗുണം

മിതത്വം മുഴുജീവിതത്തിലും ആവശ്യമാണ്. ആരാധനയില്‍ പോലും ! ആരാധനയുടെ പേരില്‍ സ്വദേഹത്തെ താങ്ങാനാവാത്ത ഭാരം വഹിപ്പിച്ച് പീഡിപ്പിക്കാനോ ആത്മനാശകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനോ മുസ്്‌ലിമിന്ന് അനുവാദമില്ല. അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് പോലും ഭൂഷണമല്ല. ആത്മീയ വളര്‍ച്ച നേടുന്നതിന് ഇത്തരം മാര്‍ഗങ്ങളൊന്നും ഇസ് ലാം അംഗീകരിച്ചിട്ടുമില്ല. അതിന് ഋജുവായ ഒരു മാര്‍ഗമുണ്ട് – ‘മിതത്വം’. ദൈവത്തെ ഭയപ്പെടുകയും അവന്റെ കല്‍പനകള്‍ പിന്‍പറ്റുകയും അവന്റെ വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കുകയുമാണ് ആത്മീയ വളര്‍ച്ചക്കുള്ള മാര്‍ഗം – നല്ലതിനെ തിരസ്‌കരിക്കലും വര്‍ജിക്കലുമല്ല. അല്ലാഹു പറയുന്നു: ‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള ഉത്തമ വിഭവങ്ങളെ നിഷിദ്ധമാക്കരുത്. നിങ്ങള്‍ അതിരുകവിയാതിരിക്കുവീന്‍. അതിരുകവിയുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.’ (വി.ഖു.5: 87)
ഇസ് ലാമിന്റെ മിതത്വഭാവം പ്രവാചകാനുയായികള്‍ വേണ്ടവിധം ഉള്‍ക്കൊണ്ടിരുന്നു. ഒരു പ്രത്യേക ആരാധന അവരെ തടങ്കലിലാക്കിയിരുന്നില്ല. ഒരു പ്രത്യേക ആചാരത്തിനുമാത്രം അവര്‍ പ്രാമുഖ്യം കല്‍പിച്ചിരുന്നുമില്ല. എല്ലാ ആരാധനാ കര്‍മ്മങ്ങളെയും അവര്‍ സമൂലം സ്വീകരിച്ചു. എല്ലാ അവസ്ഥകള്‍ക്കും അവര്‍ അതിന്റെതായ പരിഗണനയും നല്‍കി. അവയില്‍ പൊതുവായ ചിട്ടയും വ്യവസ്ഥയും സന്തുലിതത്വവും മിതത്വവും പാലിച്ചുകൊണ്ട് തന്നെ അവര്‍ ജീവിതത്തില്‍ പൂര്‍ണത നേടിയെടുത്തു. നമസ്‌കാരം സമയത്ത് പള്ളിയില്‍ വരുന്നു: വിദ്യ അഭ്യസിക്കുവാന്‍ വിജ്ഞാനസദസ്സുകളിലെത്തുന്നു; ജിഹാദിന്റെ സമയത്ത് രണഭൂമിയിലേക്ക് ഒഴുകുന്നു. പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും ഘട്ടത്തില്‍ ജനങ്ങളുടെ ആശ്വാസകേന്ദ്രമായി വര്‍ത്തിക്കുന്നു.
ജീവിതത്തില്‍ മിതത്വം പാലിക്കാന്‍ പ്രവാചകന്‍ ശക്തിയായിത്തന്നെ ഉപദേശിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലൂടെ അദ്ദേഹം അതിന് മാതൃക കാണിച്ചുതരികയും ചെയ്തു. ആരാധനാ കാര്യങ്ങളില്‍ തീവ്രത പുലര്‍ത്തിയവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രവാചകന്‍ മടികാണിച്ചില്ല. ഇമാം ബുഖാരിയും മുസ് ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ നിന്ന് ഈവസ്തുത മനസ്സിലാവും: ഒരിക്കല്‍ പ്രവാചകന്റെ ആരാധനാരീതി ആരാഞ്ഞുകൊണ്ട് ഒരു മൂന്നംഗ സംഘം പ്രവാചക പത്‌നിമാരുടെ അടുക്കല്‍ വന്നു. പ്രവാചക പത്‌നിമാരുടെ വിവരണം കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘നമ്മളെവിടെ പ്രവാചകനെവിടെ ! അദ്ദേഹത്തിന് കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല പാപങ്ങളും പൊറുക്കപ്പെട്ടിട്ടുണ്ട്.’ (അതുകൊണ്ട് അദ്ദേഹത്തിന് ഇത്രയൊക്കെ ആരാധനകള്‍ മതിയാവും). അവരിലൊരാള്‍ പറഞ്ഞു: ‘എന്നാല്‍ ഇനിമുതല്‍ എന്നും രാത്രി മുഴുവന്‍ ഞാന്‍ നിന്നു നമസ്‌കരിക്കും.’ രണ്ടാമത്തെ വ്യക്തി: ‘വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിക്കാനാണ് ഞാനുദ്ദേശിക്കുന്നത്.’ മൂന്നാമന്‍: ‘ഞാനിനി ഭാര്യയുമായി ബന്ധപ്പെടുകയേയില്ല….’ അല്പം കഴിഞ്ഞ് പ്രവാചകന്‍ ആഗതനായി സംഭവങ്ങളെല്ലാം അറിഞ്ഞു. അവിടുന്ന് അവരെ വിളിച്ചു സംഗതി ആരാഞ്ഞു : ‘അല്ല, ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ ? എന്നാല്‍, അല്ലാഹുവാണ, നിങ്ങളെക്കാളെല്ലാം ദൈവഭയമുള്ളവനാണ് ഞാന്‍. എങ്കിലും ഞാന്‍ നോമ്പനുഷ്ഠിക്കുന്നു; ഒഴിവാക്കുകയും ചെയ്യുന്നു. നമസ്‌കരിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുകയും…. എന്റെ ചര്യ വിടുന്നവന്‍ നമ്മില്‍ പെട്ടവനല്ല.’
ഒരു ഖുര്‍ആന്‍ വാക്യം നോക്കുക: ‘ ദീനില്‍ നിങ്ങള്‍ക്ക് യാതൊരു കഷ്ടതയും ഉണ്ടാക്കിവെച്ചിട്ടില്ല.’ (22: 78). മറ്റൊരിടത്ത് : ‘അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ഭാരം വഹിപ്പിക്കുകയില്ല.’ (2:286). ഈ രൂപത്തില്‍ ചിട്ടപ്പെടുത്തപ്പെട്ട ഇസ്്‌ലാമിക വ്യവസ്ഥിതി ഒരു ‘മധ്യമസമുദായ’ത്തിന് രൂപം നല്‍കിയെന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ആ മധ്യമസമുദായം ജനങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ‘ഉത്തമ’ സമൂഹമായിരുന്നു. കാരണം മിതത്വത്തിന് മാത്രമേ ഉത്തമ ഗുണം സംഭാവന ചെയ്യാന്‍ കഴിയൂ. ഏതെങ്കിലും ഒരു ഭാഗത്തേക്കുള്ള ചായ് വ് സന്തുലിതത്വം നശിപ്പിക്കുകയും തീവ്രതയോ ജീര്‍ണതയോ ഉടലെടുക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇരു ലോകത്തും സൗഭാഗ്യം കരസ്ഥമാക്കുന്ന ഓജസ്സുറ്റ ഒരു സമൂഹത്തിന്റെ മുഖമുദ്രയാണ് മിതത്വം.

ഇസ് ലാമിന്റെ പ്രഭവ സ്ഥാനം മാനവ രക്ഷിതാവ്

ഉത്പത്തിയുടെ അടിസ്ഥാനത്തില്‍ ഇസ്്‌ലാമിക വ്യവസ്ഥ മറ്റെല്ലാ മനുഷ്യനിര്‍മിത നിയമസംഹിതകളില്‍ നിന്നും വ്യതിരക്തത പുലര്‍ത്തുന്നു. അതിന്റെ ഉത്പത്തി മനുഷ്യന്റെ സ്രഷ്ടാവില്‍ നിന്നാണ്. മനുഷ്യ പ്രകൃതിയോട് പൂര്‍ണമായുമിണങ്ങുന്ന വിധത്തിലാണത് സംവിധാനിച്ചിട്ടുള്ളത്. അപൂര്‍ണതയില്‍നിന്നും പൊരുത്തക്കേടില്‍നിന്നും ന്യൂനതകളില്‍നിന്നും പൂര്‍ണമുക്തി അവകാശപ്പെടാവുന്ന ഒരേയൊരു വ്യവസ്ഥിതിയാണത്. നിര്‍മാതാവിന്റെ ഗുണഗണങ്ങള്‍ ഉല്‍പന്നത്തില്‍ പ്രകടമാവുക സ്വാഭാവികമാണല്ലോ. പരിശുദ്ധനായ അല്ലാഹു തന്റെ സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും ഇഛകളിലും പരമ സമ്പൂര്‍ണനായിരിക്കെ, ഈ സമ്പൂര്‍ണത അവന്റെ നിയമനിര്‍മാണത്തിലും വിധിന്യായത്തിലും മാര്‍ഗരേഖകളിലും നിയമ വ്യവസ്ഥകളിലും പ്രകടമാവുക സ്വാഭാവികമാണ്. മനുഷ്യന്റെ യഥാര്‍ഥ സ്രഷ്ടാവും അവന്റെ എല്ലാ രഹസ്യങ്ങളുടെയും പൊരുളറിയുന്നവനും എല്ലാ കാര്യങ്ങളെക്കുറിച്ചും തികഞ്ഞ ബോധമുള്ളവനുമായ അല്ലാഹുവിനുമാത്രമേ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും യഥാവിധി ഗ്രഹിക്കാന്‍ കഴിയൂ.
മനുഷ്യ നിര്‍മിത നിയമസംഹിതകളും മാര്‍ഗരേഖകളുമൊക്കെ മേല്‍പറഞ്ഞ അവസ്ഥയില്‍നിന്നും നേര്‍ വിപരീതമാണ്. ന്യൂനത, അജ്ഞത, ദേഹേഛ, ആത്മപൂജ, വ്യക്തിതാത്പര്യം തുടങ്ങിയ കുറവുകളില്‍നിന്ന് മുക്തമാകാന്‍ അവയ്ക്ക് സാധ്യമല്ല. ബൗദ്ധിക-വൈജ്ഞാനികരംഗത്ത് മനുഷ്യന്‍ എത്ര ഉന്നതനായിരുന്നാലും ശരി, അവന്റെ ജ്ഞാനത്തിന് പരിധിയുണ്ട്; അവന്റെ ബുദ്ധി ഒരു സൃഷ്ടിമാത്രമാണ്; അവന്റെ ഗ്രാഹ്യതയും നിഷ്‌കളങ്കതയും സത്യസന്ധതയുമെല്ലാം മാനവ പ്രകൃതിയില്‍ നിന്നു തന്നെയാണുയിര്‍ക്കൊള്ളുന്നത്. ദൈവിക പരിവേഷമോ മാഹാത്മ്യമോ അവയ്ക്കില്ല. മനുഷ്യന്റെ ഈ നിസ്സഹായതക്കിടയിലാണ് ഇസ്്‌ലാം വര്‍ണരാജിയോടെ നിലകൊള്ളുന്നത്. പ്രവാചകത്വ പരിസമാപ്തിയോടൊപ്പം ഒരു ‘രാജമാര്‍ഗമെന്ന നിലയില്‍ ഇസ്്‌ലാമിനെ തൃപ്തിപ്പെട്ട് മനുഷ്യന് നല്‍കിയ അല്ലാഹുവിന്റെ കാരുണ്യം നിസ്സീമമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഋജുമാര്‍ഗം

ഋജുവാണ് ഇസ്്‌ലാമിന്റെ വഴിത്താര. വളവുകളും തിരിവുകളും അതില്‍ കണ്ടെത്തുക പ്രയാസം. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന് അതില്‍ ഗതിമാറ്റം വരുത്തുക സാധ്യമല്ല. അല്ലാഹു മുഹമ്മദ് നബി(സ)യോട് ആജ്ഞാപിക്കുന്നു: ‘താങ്കള്‍ ഈ ദീനിലേക്ക് പ്രബോധനം ചെയ്യുക. താങ്കളോട് അനുശാസിച്ചപോലെ, ഇതില്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ഈ ജനത്തിന്റെ ഇഛകളെ അനുഗമിക്കാതിരിക്കുക. ഇവരോട് പ്രഖ്യാപിക്കുക: അല്ലാഹു അവതരിപ്പിച്ച ഏതു വേദത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി പാലിക്കണമെന്ന് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും റബ്ബ് അല്ലാഹുവാകുന്നു. ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്; നിങ്ങളുടെ കര്‍മങ്ങള്‍ നിങ്ങള്‍ക്കും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു വഴക്കുമില്ല. അല്ലാഹു നമ്മെയെല്ലാവരെയും ഒരു നാള്‍ ഒരുമിച്ച് കൂട്ടുന്നതാകുന്നു. എല്ലാവര്‍ക്കും ചെന്നണയേണ്ടത് അവനിലേക്കല്ലോ.’ (15: 42)
മനുഷ്യന്റെ സ്വഛമായ പ്രകൃതിയില്‍ ഋജുഗതിയുടെ താത്പര്യമെന്തെന്ന് മനസ്സിലാവുമ്പോഴാണ് ജീവിതത്തില്‍ മിതത്വത്തിനുള്ള സ്ഥാനവും ഇസ്്‌ലാം അതിന് നല്‍കിയിട്ടുള്ള പ്രാധാന്യവും വ്യക്തമാവുക. ആദര്‍ശം, സദാചാരം, ഇടപാടുകള്‍, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയിലുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ ഇസ്്‌ലാം മുന്നോട്ടു വെച്ച അധ്യാപനങ്ങളും നിയമങ്ങളും പ്രമാണങ്ങളും മിതത്വം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിതത്വത്തിന്റെ കാര്യത്തില്‍ മുന്‍ഗണനാക്രമമില്ല. നിഖില മണ്ഡലങ്ങളിലും അത് തുല്യപ്രാധാന്യവും പരിഗണനയുമര്‍ഹിക്കുന്നു.
ജീവിതത്തിലെ സന്തുലിതത്വം മനുഷ്യനെ ശാന്തിയുടെയും വിജയത്തിന്റെയും തീരങ്ങളിലേക്കടുപ്പിക്കുന്നു. സന്തുലിത രേഖയില്‍നിന്നുള്ള അവരോഹണമാകട്ടെ, പതനത്തിലേക്കും നാശത്തിലേക്കുമാണ് അവരെ നയിക്കുക. ഇത് ഒരു പൊതുതത്വമാണ്; എല്ലാ വസ്തുക്കളുടെയും പ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന അനിഷേധ്യ യാഥാര്‍ഥ്യം. വിശ്വാസിയുടെ ഗുണങ്ങള്‍ വിവരിക്കുന്നിടത്ത് അല്ലാഹു പറയുന്നു: ‘ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ചെയ്യാത്തവരാണവര്‍, പ്രസ്തുത അവരുടെ ചെലവുകള്‍ ഈ രണ്ടറ്റങ്ങള്‍ക്കുമിടയില്‍ മിതസ്വഭാവത്തിലുള്ളതായിരിക്കും.’ (വി.ഖു.25: 67). തീന്‍ മേശയില്‍പോലും ഈ മിതത്വം പാലിക്കല്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. തിന്നുകയും കുടിക്കുകയും ചെയ്യുവിന്‍. അമിതമാവരുത്. ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല. (7:31). ഭക്ഷണപാനീയങ്ങളിലും ആചാരങ്ങളിലും മാത്രമല്ല ആരാധനകളിലുള്ള തീവ്രതയും ജീര്‍ണതയും അല്ലാഹു വെറുക്കുന്നു. ഈ രണ്ട് ദുഃസ്വഭാവങ്ങളും അവയിലേര്‍പ്പെട്ട വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്; അവനോട് ഏതെങ്കിലും നിലയ്ക്ക് ബന്ധമുള്ള മറ്റു വ്യക്തികളെയും സമൂഹത്തെയും സമുദായത്തെയും രാഷ്ട്രത്തെയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് ബാധിക്കും. വളരെ ആഴത്തിലുള്ള വേരുകളുണ്ട് ഈ ദുരവസ്ഥക്ക്. നിസ്സാരമായിതോന്നുന്ന കാര്യങ്ങള്‍ ദൂര വ്യാപകമായ അനന്തരഫലങ്ങളുളവാക്കിയേക്കാം. ചെറിയ ചെറിയ തെറ്റുകളിലൂടെയാണല്ലോ വന്‍ പാപങ്ങളിലെത്തിച്ചേരാറുള്ളത്. ജീവിതത്തിന്റെ നിസ്സാര മേഖലകളില്‍ പോലും മിതത്വവും സന്തുലിതത്വവും മാര്‍ഗമായി സ്വീകരിക്കുകയും അതിനനുസൃതമായ ജീവിതം കാഴ്ചവെക്കുകയുമാണ് ഇരുലോകത്തും വിജയം ആഗ്രഹിക്കുന്ന സത്യവിശ്വാസിയുടെ ചുമതല. അതത്രെ മാനവജീവിതത്തില്‍ പൂര്‍ണത കരസ്ഥമാക്കാനുള്ള മാര്‍ഗം.

ഡോ.മുഹ് യിദ്ദീന്‍ ആലുവായ്‌

ഹിജ്‌റയുടെ സന്ദേശം

ഹിജ്‌റയുടെ സന്ദേശം

ഓരോ വര്‍ഷവും മുഹര്‍റം മാസം മഹത്തായ ഒരു ചരിത്ര സംഭവത്തിന്റെ പാവനസ്മരണകളുണര്‍ത്തിക്കൊണ്ടാണ് കടന്നുവരുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഹിജ്‌റ (മദീനാ പലായനം)യത്രെ അത്. പ്രാദേശിക തലത്തില്‍ നടന്നിരുന്ന വിശാലമായ ആശയപ്രചാരണത്തില്‍നിന്ന് ആ ആശയങ്ങള്‍ക്കനുരൂപമായി, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇസ്്‌ലാമിക സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കുള്ള പ്രഥമ ചുവടുവെപ്പായിരുന്നു ഹിജ്‌റ. ഈ മഹാ സംഭവം ഇസ് ലാമിക കലണ്ടറിന്റെ ആരംഭം ബിന്ദുവായി ഗണിക്കപ്പെട്ടത് സ്വാഭാവികം മാത്രം.

ഹിജ്‌റയുടെ വിവക്ഷ

‘ഹിജ്‌റ’ എന്ന അറബി പദത്തിന് ‘ ഒഴിവാക്കി’ ‘ഉപേക്ഷിച്ചു’ എന്നിങ്ങനെയാണ് അര്‍ത്ഥം. അത് ‘ഹാജറ’എന്നാക്കുമ്പോള്‍ അര്‍ഥം ഒരാള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പലായനം ചെയ്തു എന്നായിത്തീരുന്നു; ഭാഷാപരമായി ഈ രണ്ടു പദപ്രയോഗങ്ങള്‍ തമ്മിലുള്ള അര്‍ഥ വ്യത്യാസം ശ്രദ്ധേയമാണ്. നബി മക്ക വിട്ടു അല്ലെങ്കില്‍ ഉപേക്ഷിച്ചു എന്ന അര്‍ഥത്തില്‍ ‘ഹജറ’ എന്ന് ചരിത്രകാരന്‍മാരാരും പറഞ്ഞിട്ടില്ല. മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു(ഹാജറ) എന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. കാരണം തിരുമേനി മക്കയിലെ ദുരിതങ്ങളില്‍നിന്ന് ഓടി രക്ഷപ്പെടുകയോ, സുഖം അന്വേഷിച്ചു പോവുകയോ അല്ല ഉണ്ടായിട്ടുള്ളത്. മറിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുയോജ്യവും വിശാലവുമായി, മക്കയില്‍ പ്രയോഗിച്ചിട്ടില്ലാത്ത പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുകൊണ്ട് നിര്‍വഹിക്കാനുതകുന്ന ഒരു പുതിയ കേന്ദ്രം തെരഞ്ഞെടുത്ത് അങ്ങോട്ട് പ്രയാണം ചെയ്യുകയായിരുന്നു തിരുമേനി.

പ്രബോധനത്തിനൊരു പുതിയ കേന്ദ്രം

ഏകദൈവ വിശ്വാസം മനുഷ്യമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു മക്കയിലെ പ്രബോധനം. മക്കയിലെ രൂക്ഷമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ തൗഹീദിന്റെ പ്രബോധനത്തിനല്ലാതെ പ്രയോഗവല്‍ക്കരണത്തിന്ന് തീരെ അവസരമുണ്ടായിരുന്നില്ല. നീണ്ട പതിമൂന്നുകൊല്ലത്തെ ആദര്‍ശ പ്രബോധനം സ്വാഭാവികമായും ഒരു പ്രയോഗ മണ്ഡലത്തെ തേടുന്നുണ്ടായിരുന്നു. അതായത് സര്‍വ മേഖലകളെയും ചൂഴ്ന്ന് നില്‍ക്കുന്ന പൂര്‍ണവും സമൂലവുമായ ഒരു ശരീഅത്ത് സംസ്ഥാപിക്കേണ്ട സമയമടുത്തപ്പോള്‍, എല്ലാ നിലയിലും കൂടുതല്‍ അനുയോജ്യമായ പുതിയൊരു സ്ഥലത്തേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റുവാന്‍ ദൈവവിധിയുണ്ടായി. പക്ഷേ, ഈ പലായനം പുതിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. കാരണം മക്കയില്‍ ശത്രുത ബഹുദൈവവിശ്വാസികളില്‍ പരിമിതമായിരുന്നു. മദീനയിലാവട്ടെ യഹൂദികളും കപടവിശ്വാസികളും കൂടാതെ വിവിധ ഗോത്രത്തലവന്‍മാരും, സമീപരാജ്യങ്ങളിലെ രാജാക്കന്‍മാരുമെല്ലാം ഇസ്‌ലാമിനെ തങ്ങളുടെ താല്പര്യങ്ങള്‍ക്കും അധികാരത്തിനും ഭീഷണിയായാണ് വീക്ഷിച്ചിരുന്നത്. മദീനാവാസികളായ സത്യവിശ്വാസികള്‍, തങ്ങളുടെ ദേശം പ്രവാചകന്റെ ആസ്ഥാനവും ഇസ് ലാമിന്റെ കേന്ദ്രവുമാകുന്നതോടെ, തങ്ങളുടെ മേല്‍ അര്‍പ്പിതമാകുന്ന ഭാരിച്ച ഉത്തരവാദിത്തത്തെ സംബന്ധിച്ച് ബോധവാന്‍മാരായിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രവാചകന്നും അനുചരന്‍മാര്‍ക്കും നേരിടേണ്ടി വന്നേക്കാവുന്ന ആക്രമണങ്ങളില്‍നിന്ന് അവരെ ആത്മാര്‍ഥമായും സംരക്ഷിച്ചുകൊള്ളാമെന്ന് അവര്‍ കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പ്രശ്‌നങ്ങളില്‍നിന്നും പ്രയാസങ്ങളില്‍നിന്നുമുള്ള ഒളിച്ചോട്ടമോ ആദര്‍ശങ്ങളില്‍ നിന്നുള്ള പിന്‍മാറ്റമോ ആയിരുന്നില്ല ഹിജ്‌റ എന്ന് ഈ ഉടമ്പടി തന്നെ വിളിച്ചോതുന്നുണ്ട്. പ്രബോധനത്തിന്റെ ആശയതലത്തില്‍നിന്ന് പ്രയോഗ തലത്തിലേക്കുള്ള വികാസവും, പ്രതിരോധ നിരയില്‍ നിന്നും മുന്നേറ്റ നിരയിലേക്കുള്ള മാറ്റവുമായിരുന്നു യഥാര്‍ഥത്തില്‍ ഹിജ്‌റ. ഇവിടെ സുപ്രധാനമായ ഒരു വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. മക്കാ മുശ് രിക്കുകള്‍ നബിയെ വധിക്കാന്‍ ശ്രമിച്ചത് അവിടുന്ന് മദീനയിലേക്ക് ഹിജ്‌റ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞ ശേഷമായിരുന്നു. അതായത് പ്രവാചകന്‍ ഹിജ്‌റക്ക് തയ്യാറായത് ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ ഫലമായിട്ടല്ല. മറിച്ച് നബി ‘ഹിജ്‌റ’ പോകുന്നത് തടയുവാന്‍ വേണ്ടിയായിരുന്നു മക്കാ മുശ് രിക്കുകള്‍ ആ വധശ്രമം നടത്തിയത്. കാരണം മക്കക്ക് പുറത്ത് പ്രവാചകന്റെ പ്രബോധനം കൂടുതല്‍ ശക്തിപ്പെടുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ദൂരവ്യാപകമായ ഫലമുളവാക്കിയ തന്ത്രപ്രധാനമായ ആസ്ഥാനമാറ്റമായിരുന്നു പ്രവാചകന്റെ ഹിജ്‌റയെന്നു കാണാം.

കവാടങ്ങള്‍ തുറക്കപ്പെടുന്നു

ഹിജ്‌റ’യെത്തുടര്‍ന്ന് ഇസ് ലാമിക പ്രബോധനം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വ്യത്യസ്ത ഗോത്രങ്ങളിലേക്കും തുടര്‍ന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. അറേബ്യക്കകത്തുനിന്നും പുറത്തുനിന്നും ഇസ് ലാമാശ്ലേഷിക്കുന്നതിന് വേണ്ടിയുള്ള പ്രതിനിധി സംഘങ്ങള്‍ പ്രവാചക സന്നിധിയിലെത്തി. പ്രസിദ്ധമായ മക്കാ വിമോചനത്തിന്നും തുടര്‍ന്ന് മറ്റ് ഒട്ടേറെ വിജയങ്ങള്‍ക്കും വഴിയൊരുക്കിയത് ഹിജ്‌റ സംഭവമായിരുന്നു. യഥ് രിബില്‍, മദീന എന്ന പേരില്‍ പ്രഥമ ഇസ് ലാമിക രാഷ്ട്രത്തിന്ന് അടിത്തറ പാകിയതും ഹിജ്‌റയാണ്.
അക്കാലത്ത് യഥ് രിബ് പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകുന്ന തുറന്ന പട്ടണമായിരുന്നു. ‘യഥ് രിബ്’ എന്നറിയപ്പെട്ടിരുന്ന ‘മദീന’യുടെ നിര്‍മാതാവ് അമാലിക്ക ഗോത്രത്തിലെ യഥ് രിബ് എന്നു പേരുള്ള ഒരു ഗോത്രത്തലവനായിരുന്നു. പ്രവാചകന്റെ ആഗമനം വരെ അദ്ദേഹത്തിന്റെ നാമധേയത്തിലാണ് പ്രസ്തുത പട്ടണം അറിയപ്പെട്ടിരുന്നത്. പിന്നീട് ജൂതരുടെ കുടിയേറ്റമുണ്ടായി. ബാബിലോണിയക്കാരുടെയും ഗ്രീക്കുകാരുടെയും റോമക്കാരുടെയും ആക്രമണങ്ങളില്‍നിന്ന് ഓടിരക്ഷപ്പെട്ട ജൂതര്‍ ഹിജാസിന്റെ വടക്കുഭാഗത്താണ് സ്ഥിരതാമസമുറപ്പിച്ചത്. അവരില്‍പെട്ട ‘ബനുന്നദീര്‍’ ഗോത്രം ഖൈബറിലും ബനീഖുറൈദ ഗോത്രം ‘ഫദക്കിലും’ ‘ബനീഖൈനുഖാ’ ഗോത്രം മദീനയുടെ പരിസരത്തും വസിച്ചു. ഭദ്രമായ കോട്ടകളില്‍ സുരക്ഷിതരായി ജീവിച്ച ജൂതര്‍ പിന്നീട് പരിസരവാസികളായ അറബികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. അവര്‍ക്ക് ശേഷം ‘ഖഹ്താന്‍’ പരമ്പരയില്‍പ്പെട്ട ‘ഔസ്’ ‘ഖസ്‌റജ്’ എന്നീ അറബ് ഗോത്രങ്ങള്‍ ‘യഥ് രിബി’ല്‍ കുടിയേറിപ്പാര്‍ത്തു. ആരംഭത്തില്‍ ഈ രണ്ട് ഗോത്രങ്ങളും ജൂതര്‍ക്ക് കീഴടങ്ങി ജീവിച്ചുവെങ്കിലും പിന്നീട് ആധിപത്യം അവരുടെ കൈകളിലേക്ക് നീങ്ങുകയുണ്ടായി.

ഇസ് ലാമിക രാഷ്ട്രത്തിന്റെ ശിലാസ്ഥാപനം

മദീനയിലെത്തിയ പ്രവാചകന്‍ ഇസ് ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ഇസ് ലാമിക രാഷ്ട്രത്തിന്റെ ശിലാസ്ഥാപന കര്‍മം നടത്തി. താന്‍ നിര്‍മിച്ച പള്ളിതന്നെയായിരുന്നു പ്രവാചകന്‍ തന്റെ പ്രവര്‍ത്തന കേന്ദ്രമായി തെരഞ്ഞെടുത്തത്. മുസ് ലിംകള്‍ അവരുടെ ആരാധനാ കര്‍മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതും പൊതുസഭകള്‍ കൂടിയിരുന്നതും ഈ പള്ളിയില്‍ തന്നെയായിരുന്നു. മദീനയിലെ ഇതര വിഭാഗങ്ങളുമായി നബി യുദ്ധമില്ലാ കരാറും ബാഹ്യ ശക്തികള്‍ക്കെതിരെ മദീനയെ എല്ലാവരും ഒന്നായിച്ചേര്‍ന്ന് പ്രതിരോധിക്കുവാനുള്ള ഉടമ്പടികളും ഉണ്ടാക്കി. പിന്നീട് ഇസ് ലാമിക സന്ദേശം വിവിധ അറബ് ഗോത്രങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ മദീനയെ ലോകജനതയുടെ ശ്രദ്ധാകേന്ദ്രമാക്കാന്‍ നബിക്ക് കഴിഞ്ഞു.
‘യഥ് രിബില്‍’ ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജൂതര്‍ ഈ അവസ്ഥ മുതലെടുത്തുകൊണ്ടിരുന്നു. അറബികളെ ഭിന്നിപ്പിച്ചു ഭരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ സന്ദര്‍ഭത്തില്‍ നബിയുടെ യഥ് രിബിലേക്കുള്ള ആഗമനം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതിയ ഒരധ്യായത്തിന്റെ തുടക്കം കുറിച്ചു. പരസ്പരം ശത്രുതയില്‍ കഴിഞ്ഞിരുന്ന ഔസ്,ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ നബി(സ) ആദ്യമായി സാഹോദര്യം സ്ഥാപിച്ചു. മദീനയില്‍ സമാധാനാന്തരീക്ഷം സംജാതമായി. നബിയോടൊപ്പം മക്കയില്‍നിന്നും മദീനയിലേക്ക് പലായനം ചെയ്ത മുഹാജിറുകളെയും,അവരെ മദീനയിലേക്ക് ക്ഷണിച്ച അന്‍സാരികളെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സുന്ദര പാശത്താല്‍ ബന്ധിപ്പിക്കുകയുണ്ടായി.
ഇസ് ലാമിക രാഷ്ട്രത്തിന്റെ പ്രഥമ തലസ്ഥാനമായ മദീനയില്‍ അന്ന് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളാണുണ്ടായിരുന്നത്. ഒന്ന്, മുഹാജിറുകളും അന്‍സാരികളുമടങ്ങുന്ന ഇസ് ലാമിക സമൂഹം. അനിസ് ലാമിക കാലഘട്ടത്തിലെ ദുസ്സ്വാധീനങ്ങളില്‍നിന്നെല്ലാം മുക്തമായി, ഇസ് ലാമിക സാഹോദര്യം ഊട്ടിയുറപ്പിക്കപ്പെട്ട ഈ വിഭാഗം പ്രവാചകനെ ആത്മതുല്യം സ്‌നേഹിച്ചു. രണ്ട്, കപടവിശ്വാസികള്‍; ബിംബാരാധനാ ഭ്രമം ഗോപ്യമാക്കിവെച്ചവരായിരുന്നു അവര്‍. അവരുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് മദീനയുടെ അധിപനാകാന്‍ ആഗ്രഹിച്ചിരുന്നു. ശക്തമായ ഒരണി അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പ്രവാചകന്‍ മദീനയിലെത്തുന്നത്. അതോടെ രാജാവാകാനുള്ള ഇബ്‌നു ഉബയ്യിന്റെ മോഹം പൊളിഞ്ഞുപോയി. നബി(സ)ക്ക് മദീനയില്‍ ലഭിച്ച ആവേശോജ്വലമായ സ്വീകരണം അബ്ദുല്ലാഹിബ്‌നു ഉബയ്യിനെയും കൂട്ടരെയും മുസ് ലിംകളായി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇസ് ലാമിക രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം പ്രാരംഭദശയില്‍തന്നെ ഇക്കൂട്ടര്‍ അപകടകാരികളായിരുന്നു. ഈ വിഭാഗത്തിനെപ്പറ്റി ‘കപടവിശ്വാസികള്‍’ എന്ന അധ്യായത്തില്‍ ഖുര്‍ആന്‍ പറയുന്നു: പ്രവാചകരേ, കപടവിശ്വാസികള്‍ താങ്കളെ സമീപിക്കുമ്പോള്‍, ‘ അങ്ങ് ദൈവദൂതന്‍തന്നെ എന്നു ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.’ എന്നു പറയുന്നുണ്ടല്ലോ. അതെ, താങ്കള്‍ അവന്റെ ദൂതന്‍ തന്നെയാണെന്ന് അല്ലാഹുവിന്നറിയാം. പക്ഷേ കപടവിശ്വാസികള്‍ തികച്ചും കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. ഇവര്‍ തങ്ങളുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കുകയാണ്. അങ്ങനെ ഇവര്‍ ദൈവിക സരണിയില്‍നിന്ന് സ്വയം വിലങ്ങുകയും മറ്റുള്ളവരെ വിലക്കുകയും ചെയ്യുന്നു. എത്ര നികൃഷ്ടമായ ചെയ്തിയാണ് ഇവര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. (അല്‍ മുനാഫിഖൂന്‍: 1,2).
മൂന്നാമത്തെ വിഭാഗം ജൂതന്‍മാരാണ്. നബി(സ)യുടെ ആഗമനവും അതിനെ ത്തുടര്‍ന്നുണ്ടായ ഇസ് ലാമിക പ്രബോധനത്തിന്റെ പ്രചരണവും അവര്‍ക്ക് അസഹനീയമായി അനുഭവപ്പെട്ടു. ശത്രുതയും അസൂയയും വിദ്വേഷവും മൂത്ത ജൂതര്‍ ഇസ് ലാമിക പ്രബോധനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ ഒരു സംഘടിത വിഭാഗമായിരുന്നു.

പ്രബോധകര്‍ക്കുള്ള പാഠങ്ങള്‍

മുസ് ലിം ലോകം മാത്രമല്ല ലോകജനതയൊന്നാകെ പ്രവാചകന്റെ ഹിജ്‌റയെക്കുറിച്ച സ്മരണ ഒരിക്കല്‍ കൂടി പുതുക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിവിധ തലങ്ങളില്‍ വ്യത്യസ്ത സവിശേഷതകള്‍ വിശദീകരിക്കുകയും അതില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ഈ പരിപാടികളെല്ലാം തന്നെ പ്രവാചകന്‍മാരുടെ ദൗത്യങ്ങള്‍ സംബന്ധിച്ച വിജ്ഞാനം പകര്‍ന്നുകൊടുക്കുവാനും വിശ്വാസികളുടെ ആത്മീയ മതബോധങ്ങള്‍ തട്ടിയുണര്‍ത്തുവാനും ഉപയോഗപ്രദമായിരിക്കണമെന്നത് കൂടാതെ, ഇസ ്‌ലാമിനെ കുറിച്ച് ജനങ്ങളിലുള്ള സംശയങ്ങളും തെറ്റുദ്ധാരണകളും ദുരീകരിക്കുവാന്‍ കൂടി പര്യാപ്തമായിരിക്കേണ്ടതുണ്ട്. മഹത്തായ ഹിജ്‌റ സംഭവത്തില്‍ നിന്ന് മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്.
മുഹമ്മദ് നബി(സ) മദീനയിലേക്ക് ഹിജ്‌റ പോകുന്നതോടെ ഇസ് ലാമിക പ്രബോധനത്തിന്റെ മൂന്നാമത്തെ ഘട്ടം ആരംഭിക്കുകായായി. ഇസ് ലാം പ്രാദേശിക തലത്തില്‍നിന്നും ആഗോളതലത്തിലേക്ക് വളര്‍ന്ന പ്രത്യേക ചുറ്റുപാടില്‍ പ്രവാചകന്‍ പ്രധാനമായി നാലു ശൈലികളാണ് അവലംബിച്ചത്.
ഒന്ന്: വിവിധ ഭാഗങ്ങളിലുള്ള ഭരണാധികാരികളിലേക്കും സാധാരണ ജനങ്ങളിലേക്കും പ്രബോധകരെ നിയോഗിച്ചയക്കുക. ഈയാവശ്യാര്‍ഥം അറേബ്യയുടെ വിവിധ ഭാഗത്തേക്കും ഗോത്രങ്ങളിലേക്കും അലിയ്യ്ബിന് അബീത്വാലിബ്, മിസ്അബ് ബ്‌നു ഉമൈര്‍, അബൂദര്‍റില്‍ ഗിഫാരി, മുആദ് ബ്‌നു ജബല്‍ തുടങ്ങിയ പ്രമുഖ സഹാബിവര്യന്‍മാരെ നിയോഗിച്ചു. ഇവരിലോരോരുത്തരോടും പ്രവാചകന്‍ ഉപദേശിച്ചത്: നിങ്ങള്‍ സുവിശേഷമറിയിക്കുക, ജനങ്ങളെ വെറുപ്പിക്കരുത്, നിങ്ങള്‍ ലാളിത്യം കൈക്കൊള്ളുക, പ്രയാസം സൃഷ്ടിക്കരുത്’ എന്നായിരുന്നു. ഈ ഉപദേശം എന്നും എവിടെയും ആ മഹാന്‍മാര്‍ക്ക് മാര്‍ഗദര്‍ശകമായി.

രണ്ട്: വ്യത്യസ്ത നാടുകളിലെ രാജാക്കന്‍മാര്‍, നേതാക്കള്‍, ഗവര്‍ണമാര്‍ എന്നിവരെയും അവരിലൂടെ ജനങ്ങളെയും ഇസ് ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയക്കുക. റോമിലെ സീസര്‍ക്കും പേര്‍ഷ്യയിലെ കിസ്‌റക്കും, ഈജിപ്ഷ്യന്‍ രാജാവായ മുഖൗഖിസിനും, എത്യോപ്യയിലെ നജ്ജാശിക്കും, മറ്റും പ്രവാചകന്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. ഈ സന്ദേശങ്ങളിലൂടെ ഇസ്്‌ലാമിന്റെ സന്ദേശം അറേബ്യയുടെ പുറത്തുള്ള മഹാസാമ്രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിക്കൊണ്ടിരുന്നു.
മൂന്ന്: നാട്ടിനകത്തും പുറത്തും ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ ചെന്ന് ആശയവിനിമയം നടത്തുക. ഇതിന്റെ ഭാഗമായി ജനം സമ്മേളിക്കുന്ന കമ്പോളങ്ങളിലേക്കും മേളകളിലേക്കും മറ്റും തെരഞ്ഞെടുക്കപ്പെട്ട പ്രബോധകന്‍മാര്‍ നിയോഗിക്കപ്പെട്ടിരുന്നു.
നാല്: മുസ്്‌ലിം സമൂഹത്തിലെ നേതാക്കളുടെയും സാധാരണക്കാരുടെയും സഭകള്‍ സംഘടിപ്പിക്കുക. ഈ വേദികളില്‍ മതപരവും ലൗകികവും പ്രബോധനപരവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നബിയുടെ പള്ളിയില്‍ ഇത്തരം സംഗമങ്ങള്‍ അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച ജുമുഅയുടെ പ്രധാന ഇനമായ രണ്ടു പ്രസംഗങ്ങളിലൂടെ അതതു സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ഉദ്‌ബോധനങ്ങള്‍ നല്‍കിപ്പോന്നു. പള്ളിയില്‍ നിന്നത്രെ പ്രബോധനത്തിന്റെ വ്യവസ്ഥാപിതമായ പ്രാഥമിക ചലനങ്ങള്‍ ഉണ്ടായത്. പള്ളിയില്‍ ഒരു പ്രത്യേക സ്ഥലം തന്നെ പ്രബോധന പ്രവര്‍ത്തനത്തിന് വേണ്ടി ഒരുക്കപ്പെട്ടിരുന്നു. പള്ളി വിജ്ഞാനത്തിന്റെയും വിചിന്തനത്തിന്റെയും കേന്ദ്രമായി വര്‍ത്തിച്ചു.
പ്രവാചകന്‍ സ്വീകരിച്ച ഈ ശൈലികളില്‍നിന്നാണ് ഇസ് ലാമിക പ്രബോധകര്‍, മതപ്രചരണത്തിന്റെ ശരിയായ മാര്‍ഗവും രൂപവും അത് ഭരണാധികാരികളോടോ, ഭരണീയരോടോ, നേതാക്കളോടോ, നീതരോടോ ആരോടായിരുന്നാലും- പഠിക്കേണ്ടത്. ഇതേ മാര്‍ഗമാണ് സഹാബികളും താബിഉകളും പൂര്‍വിക സജ്ജനങ്ങളും സ്വീകരിച്ചത്. അങ്ങനെയാണവര്‍ നാടുകള്‍ കീഴടക്കുന്നതിന് മുമ്പെ നാട്ടുകാരുടെ മനസ്സുകളെ കീഴടക്കിയിരുന്നത്.

ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ

ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ

സാധാരണ പഠന ക്ലാസ്സുകളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ജുമുഅ ഖുത്വ് ബ. അതിന്റെ രൂപ ഭാവങ്ങള്‍, അതില്‍ പാലിക്കേണ്ട നിബന്ധനകള്‍, ഭയഭക്തി, ശാന്തത, പ്രതിഫല കാംക്ഷ- എല്ലാറ്റിനും മറ്റുള്ള പ്രസംഗങ്ങളില്‍ നിന്നും അത് വ്യത്യസ്തമായി നില്‍ക്കുന്നു. ദുഹ്‌റിന്റെ നാല് റകഅത്തുകളില്‍ രണ്ടെണ്ണത്തിന്റെ സ്ഥാനം അലങ്കരിക്കുന്നത് ഖുത്വ് ബയാണ്. ഖുത്വ് ബയുടെ ആദ്യ ഭാഗം തഖ് വ കൊണ്ട് വസിയ്യത്ത് (സദുപദേശം) ആകയാല്‍ അത് ശ്രോതാക്കള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാകേണ്ടതാണ്. നമസ്‌കാരത്തിന് ഹാജരാവേണ്ട അതേ പ്രാധാന്യം ഖുത്വ് ബക്ക് ഹാജരാവാനും ഇസ് ലാം വെച്ചിട്ടുണ്ട്. അതുകൊണ്ട് ജുമുഅ ഖുത്വ് ബ ശ്രദ്ധിക്കല്‍ ജുമുഅ നമസ്‌കാരം പോലെ തന്നെ ആഴ്ച്ചതോറും മുസ് ലിംകളുടെ മേല്‍ നിര്‍ബന്ധമായ കാര്യമാണ്. ജുമുഅ ഖുത്വ് ബയുടെ സവിശേഷതകള്‍ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രൂപത്തിലും ലക്ഷ്യത്തിലുമൊക്കെ മറ്റു പ്രബോധന-സംസ്‌കരണ പ്രഭാഷണങ്ങളോട് ഖുത്വ് ബക്ക് സാദൃശ്യം കാണാമെങ്കിലും അതിന്റെ ആത്മാവ് വേറെ തന്നെയാണ്. അത് പള്ളികളില്‍ ജുമുഅയോട് അനുബന്ധിച്ച് മാത്രം നിര്‍വഹിക്കപ്പെടുന്നവയാണ്. ബാങ്കിനും ഇഖാമത്തിനുമിടയിലാണ് അതിന്റെ സമയം. അംഗസ്‌നാനം കഴിഞ്ഞ് നമസ്‌കാര സ്ഥലത്ത് ഹാജരായ മനുഷ്യരില്‍ വിശ്വാസവും ദൈവ ഭക്തിയും നിറക്കുകയാണ് അതിന്റെ ലക്ഷ്യം. അതിന്നുതകുന്നതായിരിക്കണം അവിടെ കൈകാര്യം ചെയ്യപ്പെടുന്ന വിഷയം. പൊതുവേദിയില്‍ വെച്ച് പൊതുജനങ്ങളോട് നടത്തുന്ന ‘മൈതാന പ്രസംഗം’ മിമ്പറില്‍ അഭികാമ്യമല്ല. ഇവിടെ ചില സംശയങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികമാണ്. മുന്‍ചൊന്ന രൂപത്തില്‍ ദുഹ് ര്‍ നമസ്‌കാരത്തിലെ രണ്ട് റകഅത്തിന്റെ സ്ഥാനത്തുള്ള ഒരു ഇബാദത്താണ് ഖുത്വ്ബയെങ്കില്‍, എന്തുകൊണ്ടത് ബാങ്കിനും ഇഖാമത്തിനും ഇടയില്‍ വന്നു? അല്ലെങ്കില്‍ പതിവിനു വിപരീതമായി ബാങ്കിനും ഇഖാമത്തിനും ഇടയില്‍ നീണ്ട ഇടവേള എന്ത് കൊണ്ട്? പല മിമ്പറുകളില്‍ നിന്നും നീട്ടി വലിച്ച, സാഗരഗര്‍ജന ഖുത്വ് ബകള്‍ കേള്‍ക്കുന്നത് എന്തുകൊണ്ട്? ശ്രോതാക്കളെ മടുപ്പിക്കുകയും അവര്‍ ഉറക്കം തൂങ്ങാനും വുദു മുറിഞ്ഞു പോവാനും ഇടയാക്കുകയും ചെയ്യുന്ന വിധത്തില്‍ ഖുത്വ് ബകള്‍ നീണ്ടിഴഞ്ഞു പോകുന്നത് ശരിയാണോ?

ഇത്തരം സംശയങ്ങള്‍ക്കൊന്നും ഇടം നല്‍കാത്ത വിധത്തില്‍ പ്രവാചകന്‍ പ്രഖ്യാപിച്ചു: ‘ഒരാളുടെ ദീര്‍ഘിച്ച നമസ്‌കാരവും ഹ്രസ്വമായ ഖുത്വ് ബയും അദ്ദേഹത്തിന്റെ ഫിഖ്ഹിന്റെ നിദര്‍ശനമാണ്. അതുകൊണ്ട് നിങ്ങള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുക, ഖുത്വ് ബ ചുരുക്കുകുയം ചെയ്യുക’. (മുസ് ലിം).
ഭക്തിസാന്ദ്രവും സംക്ഷിപ്തവുമായിരിക്കണം മിമ്പറില്‍ നിന്ന് കേള്‍ക്കുന്ന ജുമുഅ ഖുത്വ് ബയെന്നതില്‍ രണ്ടഭിപ്രായമില്ല. പ്രബോധനത്തിനുള്ള ഏക വഴി ഖുത്വ് ബയാണെന്ന ധാരണ തിരുത്തുകയും വേണം. മിമ്പറില്‍ നിന്നുള്ള ആഹ്വാനങ്ങളും നിര്‍ദേശങ്ങളും ജനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. അതിന് അതിന്റെ ഗാംഭീര്യവും മഹത്വവും ഉണ്ടായാല്‍ മാത്രമേ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയൂ. തര്‍ക്ക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും, സ്വന്തം വീക്ഷണത്തോട് വിയോജിപ്പുള്ളവരെ വിമര്‍ശിക്കാനും ഖുത്വ് ബ ഉപയോഗപ്പെടുത്തിക്കൂടാ. താരതമ്യേന തര്‍ക്കമറ്റ ദീനീ വിഷയങ്ങളാണ് ഖുത്വ് ബയില്‍ കൈകാര്യം ചെയ്യേണ്ടത്. ഓരോ ജുമുഅയും പാപമോചനത്തിനുള്ള വഴിയാണ്. എതിര്‍ വീക്ഷണങ്ങളെ തീരെ പരിഗണിക്കാതെയുള്ള അഭിപ്രായങ്ങള്‍ ജുമുഅക്ക് വരുന്നവരെ മടുപ്പിക്കുന്നത് തീര്‍ച്ചയാണ്. ഐക്യത്തിന്റെ പ്രതീകമായ ജുമുഅ അനൈക്യത്തിന് നിമിത്തമാകുന്നത് ഏന്തുമാത്രം ദുഃഖകരമാണ്. മനുഷ്യന് തത്വജ്ഞാനവും വിജ്ഞാനീയങ്ങളും നല്‍കാനും അവരെ സംസ്‌കരിക്കാനും വേണ്ടിയുള്ള പ്രവാചക നിയോഗത്തെ എടുത്ത പറുയന്ന ‘അല്‍ ജുമുഅ’ എന്ന അധ്യായം തന്നെ ഐക്യത്തിന്റെ പ്രതീകമാണല്ലോ. വെള്ളിയാഴ്ച്ച ഒത്തുകൂടുന്നവരില്‍ പണ്ഡിതന്‍, പാമരന്‍, മുതിര്‍ന്നവര്‍, കുട്ടികള്‍, ആരോഗ്യന്‍, അനാരോഗ്യന്‍, സമ്പന്നന്‍, ദരിദ്രന്‍ തുടങ്ങി പലതരക്കാരുണ്ടാകും. അവരെ അഭിമുഖീകരിക്കുമ്പോള്‍ തന്റെ ഭാഷാ പരിജ്ഞാനവും വാഗ്വിലാസവും പ്രകടിപ്പിക്കാനാണ് ഖതീബ് മുതിരുന്നതെങ്കില്‍, അത് തികഞ്ഞ വങ്കത്തമായിരിക്കും. കടുകട്ടിയുള്ള ഭാഷ നിശ്ശേഷം ഒഴിവാക്കുക. അത് ഭൂരിഭാഗത്തിന്റെയും വെറുപ്പ് സമ്പാദിക്കാനെ ഉതകൂ. ലളിത ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവരുടെ മനസ്സിനെ ഇണക്കുകയാണ് വേണ്ടത്.
ഒരു ഖുത്വ് ബകൊണ്ട് ശ്രോതാക്കളെ സകല വിഷയങ്ങളിലും വിജ്ഞരും ഉദ്ബുദ്ധരുമാക്കിക്കളയാമെന്ന് ഒരു ഖതീബും വ്യാമോഹിക്കരുത്. വിജ്ഞാന പ്രചാരണത്തേക്കാളേറെ ഈമാനിന്റെയും തഖ് വയുടെയും പോഷണമാണ് ഖുത്വ് ബകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

മിമ്പറില്‍ പാലിക്കേണ്ട മര്യാദകള്‍

ലോകത്ത് ഏറ്റവും പരിശുദ്ധവും പരിപാവനുമായ സ്ഥലത്താണ് താന്‍ നില്‍ക്കുന്നതെന്ന ബോധമാണ് പരമ പ്രധാനമായി ഖതീബുനുണ്ടാവേണ്ടത്. അട്ടഹാസവും വെല്ലുവിളിയും നാടകീയതയും അതിന്റെ പരിശുദ്ധിയെ ഇകഴ്ത്താനേ ഉപകരിക്കൂ. ഖേദകരമെന്നു പറയട്ടെ, പല ഖതീബുമാരും പ്രവാചക ചര്യക്ക് വിപരീതമായി, ഇത്തരം രൂപത്തിലൊക്കെയാണ് ഖുത്വ് ബ നിര്‍വഹിച്ചുവരുന്നത്. രണഭൂമിയിലെ ശത്രുവിനെ എന്നപോലെ, ഖുത്വ് ബ ശ്രവിക്കുന്നവരെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യാന്‍ പോലും ഇത്തരക്കാര്‍ക്ക് മടിയില്ല. അധിക്ഷേപം ആരില്‍ നിന്നായാലും -കാരണമൊന്നുമില്ലാതെയാകുമ്പോള്‍ പ്രത്യേകിച്ചും- ആരും ഇഷ്ടപ്പെടുകയില്ല. ഈ രൂപത്തിലുള്ള ഖുതുബകള്‍ പള്ളിയിലെ ജനസംഖ്യ കുറക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതില്‍ സംശയമില്ല. പാര്‍ശ്വസ്പര്‍ശിയായ പ്രശ്‌നങ്ങളും ശാഖാപരമായ ഭിന്നതകളും വ്യക്തിദൂഷ്യങ്ങളും മിംമ്പറില്‍ വലിച്ചിടുന്നത് സാമാന്യമായി പറഞ്ഞാല്‍ നീചമാണ്. ഉമ്മത്തിന്റെ ഭദ്രത തകര്‍ക്കാനും അണികളില്‍ മടുപ്പ് സൃഷ്ടിക്കാനുമല്ലാതെ മറ്റെന്തു ഗുണമാണതുകൊണ്ട് നേടാന്‍?
പ്രവാചക മാതൃക മാത്രമാണ് ഖുതുബയില്‍ നമുക്ക് മാതൃകയാവേണ്ടത്. ചുരുങ്ങിയ സമയത്തില്‍ പറയാനുള്ളത് സമഗ്രമായി പറയുകയായിരുന്നു പ്രവാചകന്‍ ചെയ്തിരുന്നത്. വസ്തുതപരമായിരിക്കണം അവതരണം. മൊത്തം പ്രസംഗങ്ങളില്‍ പ്രവാചകനും അനുയായികളും സ്വീകരിച്ചിരുന്ന നയമായിരുന്നു ഇത്. സ്വഹാബികളില്‍ ഒന്നാന്തരം പ്രസംഗകന്‍മാരുണ്ടായിരുന്നെങ്കിലും അധികം നീട്ടി വലിച്ച് പ്രസംഗിച്ചതായി ആരെയും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ബുദ്ധിമാന്‍മാരുടെ പ്രഭാഷണത്തിലുണ്ടായിരിക്കേണ്ട നാല് അടിസ്ഥാന കാര്യങ്ങള്‍ നബി നിര്‍ണയിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ജാബിറുബ്‌നു അബ്ദില്ലായില്‍ നിന്ന് നിവേദനം. നബി പറഞ്ഞു: ‘നിങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവരും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും അടുപ്പമുള്ളവരും നിങ്ങളിലെ സല്‍സ്വഭാവികളാണ്. എനിക്കേറ്റവും വെറുപ്പുള്ളവരും അന്ത്യദിനത്തില്‍ എന്നോട് അകന്നവരും വായാടികളും വാചാലന്‍മാരും ഔന്നത്യഭാവത്തോടെ വായനിറച്ചു സംസാരിക്കുന്നവരുമാണ്’ (തിര്‍മിദി). സാധാരണ സംസാരത്തില്‍ പോലും ഉപേക്ഷിക്കപ്പെടേണ്ട ഇത്തരം ദുര്‍ഗുണങ്ങള്‍ മിമ്പറുകളില്‍ ഒരിക്കലും സ്ഥാനം പിടിക്കാന്‍ പാടില്ലാത്തതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മറ്റൊരു തിരുവചനം കാണാം: ‘വിടുവായനായ പ്രസംഗകനെ അല്ലാഹു വെറുക്കുന്നു’

(അബൂ ദാവൂദ്, തിര്‍മുദി).

തത്സംബന്ധമായി ഇനിയും ധാരാളം തെളിവുകള്‍ നിരത്താന്‍ കഴിയും. പ്രഭാഷണത്തേക്കാള്‍ പ്രവര്‍ത്തനത്തിനു മുന്‍തൂക്കം നല്‍കിയ ഒരു പ്രത്യശാസ്ത്രത്തിനു അങ്ങനെയാവേനേ തരമുള്ളൂ. അനുവാചകരെ അലോസരപ്പെടുത്താതെ താന്‍ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സഗൗരവം സംക്ഷിപ്തമായി അവതരിപ്പിച്ച്, മാതൃകയെന്നോണം ജീവിതത്തില്‍ പകര്‍ത്തികാണിച്ചു കൊടുക്കുകാണ് ഖതീബ്ബും ഇമാമും പ്രബോധകനും ചെയ്യേണ്ടത്. ജീവിതത്തില്‍ തങ്ങിനില്‍ക്കാതെ വായുവില്‍ ലയിച്ചുചേരുന്ന ജല്പനങ്ങള്‍കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഖതീബുമാര്‍ മനസ്സിലാക്കണം.

ഡോ. മുഹ് യിദ്ദീന്‍ ആലുവായ്