കേരളം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ് ലാമിന്റെ പ്രകാശം വീശിയ പ്രഥമ സ്ഥലം

കേരളം: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ് ലാമിന്റെ പ്രകാശം വീശിയ പ്രഥമ സ്ഥലം

മുസ് ലിം ചരിത്രത്തിലും ഇന്തോ-അറബ് ഭൂഖണ്ഡങ്ങളുടെ ചരിത്രത്തിലും കേരളത്തിനുള്ള സുപ്രധാന പങ്ക് വ്യക്തമാക്കുകയാണ് ഈ ലേഖനോദ്ദേശ്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി മുസ് ലിംകള്‍ വന്നിറങ്ങിയത് കേരളത്തിലാണെന്നും കേരളത്തിന്റെ പൗരാണിക തലസ്ഥാനവും തുറമുഖവുമായ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ‘ചേരമാന്‍ പെരുമാള്‍ പള്ളി’ യാണ് ഉപഭൂഖണ്ഡത്തിലെ പ്രഥമ മസ്ജിദെന്നും ചരിത്രം രേഖപ്പെടുത്തുന്നു. പ്രസ്തുത മസ്ജിദ് ചേരമാന്‍ പെരുമാള്‍ രാജാവ് നല്‍കിയ സ്ഥലത്ത് ഹിജ്‌റ 5ാം വര്‍ഷം (അതായത് നബിയുടെ മരണത്തിന് 5 വര്‍ഷം മുമ്പ്) നിര്‍മ്മിച്ചതാണെന്ന് പള്ളിയിലും മറ്റു ചരിത്ര രേഖകളിലും ഇപ്പോഴും കാണാവുന്നതാണ്. ഇസ് ലാം മത പ്രചാരണം പ്രവാചകന്റെ കാലത്ത് തന്നെ കേരളക്കരയില്‍ ആരംഭിച്ചിരുന്നു എന്നാണ് ഭൂരിപക്ഷം ചരിത്രകാരന്മാരുടെയും നിഗമനം. മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ റോമന്‍ ആധിപത്യത്തില്‍നിന്ന് മോചനം നേടിയപ്പോഴാണല്ലോ ആധുനിക അറബി സംസ്‌കാരത്തിന്റെ നാമ്പുകള്‍ പ്രസ്തുത ദേശങ്ങളില്‍ തലയുയര്‍ത്തിയത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് ഈജിപ്ത് സ്ഥാപിച്ചിരുന്ന വിദേശബന്ധം റോമന്‍ ആധിപത്യത്തോടെ തകര്‍ന്നുവെന്നു പറയാം. ശക്തമായ ക്രൈസ്തവ മുന്നേറ്റത്തിന്റെ സ്വാധീനമാണ് പഴയ അറബി രാജ്യങ്ങളില്‍ നിലനിന്നിരുന്നത്. അറേബ്യന്‍ മണലാരണ്യത്തില്‍ പുത്തന്‍ സന്മാര്‍ഗ്ഗനീതിയുടെ പ്രകാശം കണ്ടുതുടങ്ങിയതോടെ ഈജിപ്തിലും അയല്‍ രാജ്യങ്ങളിലും അതിന്റെ പ്രകാശവീചികള്‍ കടന്നുചെന്നു. ബിംബാരാധനയിലും അന്ധമായ അനാചാരങ്ങളിലും ആമഗ്നരായിരുന്ന അറബ് ഗോത്രങ്ങള്‍ ഇസ്്‌ലാം മതം സ്വീകരിച്ചതോടെ സമുദായ പ്രമുഖന്മാര്‍ ഇസ്്‌ലാം മതത്തിന്റെ സന്ദേശവാഹകരായി വിദേശങ്ങളിലേക്ക് പുറപ്പെട്ടു. യമനിലേയും ഹദാറൗത്തിലേയും തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഹിജ്‌റയുടെ ആരംഭത്തില്‍ തന്നെ ഇസ്്‌ലാമിലേക്ക് ആകൃഷ്ടരായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. പ്രസ്തുത തീരങ്ങളിലെ വന്‍കിട തുറമുഖങ്ങളുമായി ശതാബ്ദങ്ങള്‍ക്കു മുമ്പേ കേരളത്തിന് കച്ചവട ബന്ധമുണ്ടായിരുന്നെന്ന് റോമന്‍ ചരിത്രകാരന്മാര്‍ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്ര വാണിജ്യമാണ് ഇസ്്‌ലാം മതത്തിന് പ്രചാരണം നേടിക്കൊടുത്തത്. സമുദ്രവാണിജ്യത്തില്‍ സുപ്രധാനമായ സ്ഥാനം കരസ്ഥമാക്കിയ അക്കാലത്തെ വ്യാപാരികള്‍ യൂറോപ്പിലും ഏഷ്യയുടെ പ്രധാന ഭാഗങ്ങളിലും എത്തിയിരുന്നു. ‘അവരുടെ കപ്പലുകള്‍ പേര്‍ഷ്യ, ഈജിപത്്, സിന്ധ്, കൊങ്കണം, മലബാര്‍ മഅ്ബര്‍, സിലോണ്‍, ഗാഖില, സാജിബ്(ജാപ), ചൈന, മലേഷ്യ മുതലായ രാജ്യങ്ങളിലേക്ക് പോയ്‌ക്കൊണ്ടിരുന്നു. അവര്‍ വ്യാപാരാര്‍ത്ഥം എവിടെയെല്ലാം പോയിരുന്നുവോ അവിടെയെല്ലാം ഇസ്്‌ലാം മതത്തിന്റെ സന്ദേശങ്ങള്‍ എത്തിച്ചു. അങ്ങനെ ആദ്യത്തെ നൂറ്റാണ്ടില്‍തന്നെ ഇസ്്‌ലാമിന്റെ ശബ്ദം ഇന്ത്യ കടന്ന് സിലോണ്‍ വരെയെത്തി.’ (പ്രാചീന മലബാര്‍, ശംസുല്ല ഖാദിരി. പരിഭാഷ: വി.അബ്ദുല്‍ ഖയ്യും, പേജ്: 22).
മലബാറിലെ ഉല്‍പ്പന്നങ്ങള്‍ക്ക് അറേബ്യന്‍ തീരത്ത് വില വര്‍ധിച്ചു. പണ്ടത്തെ അറബികളും സോമാലികളും നടത്തിയിരുന്ന സമുദ്ര വ്യാപാരം ഇസ്്‌ലാം മത വിശ്വാസികളായ പുതിയ കച്ചവടക്കാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തുടര്‍ന്നു.

അറേബ്യയില്‍നിന്ന് ഒരു തീര്‍ത്ഥാടക സംഘം സിലോണിലേക്ക് പുറപ്പെട്ടു. ഈ സംഘമാണ് കേരള തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്ത് വിശ്രമാര്‍ത്ഥം ഇറങ്ങിയത്. അറേബികള്‍ ഇതര രാജ്യങ്ങളിലേക്കും ഇതുപോലെ പ്രതിനിധികളെ അയച്ചുകൊണ്ടിരുന്നു. സിലോണില്‍ ചരിത്രപ്രസിദ്ധമായ ഒരു ആരാധനാ കേന്ദ്രമുണ്ട് – ആദംമല. അത് എല്ലാ മതവിഭാഗങ്ങളെയും ആകര്‍ഷിച്ചുകൊണ്ടിരുന്നു. ഒരു പുണ്യ കേന്ദ്രമെന്നനിലക്ക് അറേബ്യന്‍ മുസ്്‌ലിംകളുടെ ഒരു സംഘം സിലോണിലേക്ക് യാത്രയായി. അക്കാലത്ത് കപ്പല്‍ വഴി സിലോണിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്രപുറപ്പെട്ട യാത്രക്കാരെല്ലാം പ്രശസ്തിയാര്‍ജ്ജിച്ച ‘കൊടുങ്ങല്ലൂര്‍’ തുറമുഖത്ത് അടുത്തിരുന്നു. യാത്രക്കാര്‍ കൊടുങ്ങല്ലൂര്‍ കപ്പല്‍ അടുപ്പിക്കുകയും നാട് ചുറ്റിക്കാണുകയും ചെയ്ത ശേഷം വീണ്ടും യാത്രയാരംഭിക്കുകയാണ് പതിവ്.
ആദം മലയെ ഓരോ സമുദായക്കാരും പുണ്യകേന്ദ്രമായി കണക്കാക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഈ ഉന്നത ഗിരിക്ക് സമുദ്രനിരപ്പില്‍നിന്ന് 7260 അടിയാണ് പൊക്കം. സമുദ്ര സഞ്ചാരം ചെയ്യുന്ന നാവികര്‍ക്ക് ആദം മല എളുപ്പത്തില്‍ കാണാം. ആദംമല കൊടുമുടിയില്‍ ഒരു വലിയ മനുഷ്യപാദം വെച്ച ആകൃതിയില്‍ ഒരടയാളമുണ്ട്. ഈ അടയാളത്തിന് 4 അടി നീളമുണ്ട്. സിങ്കാളിയരും സയാമുകാരും ബര്‍മ്മാക്കാരും ടിബ്റ്റുകാരും ഈ പാദം ശ്രീബുദ്ധന്റെയാണെന്നവകാശപ്പെടുന്നു. സനാതനവാദികളായ ഹിന്ദുക്കള്‍ ശിവന്റെതാണെന്നും പറയുന്നു. മുസല്‍മാന്മാര്‍ ആദിപിതാവായ ആദമിന്റെ കാല്‍മുദ്രയാണെന്ന് അഭിപ്രായപ്പെടുന്നു. വിശുദ്ധ സെന്റ് തോമസ്സിന്റെതാണെന്ന് ക്രിസ്ത്യാനികളും അവകാശപ്പെടുന്നുണ്ട്. എങ്ങനെയായാലും വിവിധ മതക്കാര്‍ ഒരുമിച്ചുചേരുന്ന ഒരു വിശിഷ്ട കേന്ദ്രമാണ് ആദംമലയെന്ന് നിസ്സംശയം പറയാം. ബുദ്ധമതക്കാരുടെ തിക്കും തിരക്കും എല്ലാ വര്‍ഷങ്ങളിലും ആദം മലയിലനുഭവപ്പെടുന്നുണ്ട്. അവര്‍ ഈ പാദമുദ്രക്ക് ചുറ്റും ഒരു സുരക്ഷിതവലയം സൃഷ്ടിച്ചിട്ടുണ്ട്.
കേരളത്തിലെത്തിയ യാത്രാ സംഘത്തിന്റെ യാത്രോദ്ദേശ്യം ഔത്സുക്യത്തോടു കൂടി ചോദിച്ചറിയുകയും അറേബ്യയിലെ സുഖക്ഷേമത്തെപ്പറ്റി ഗ്രഹിക്കുകയും ചെയ്ത ഭരണാധികാരിയെപ്പറ്റി യാത്ര സംഘാംഗങ്ങള്‍ക്ക് വളരെ ബഹുമാനം തോന്നി. യാത്രാ സംഘം കൊടുങ്ങല്ലൂര്‍ വന്നതുതന്നെ ഒരു മഹത്തായ കാര്യമായി ഭരണാധികാരികള്‍ കണ്ടു. അറേബ്യയിലെ മതപരിഷ്‌കര്‍ത്താവിനെപ്പറ്റി ചോദിച്ചറിഞ്ഞു. സാഹോദര്യത്തിനും സമഭാവനക്കും പ്രാമുഖ്യം നല്‍കി ജനങ്ങളുടെയിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനമാരംഭിച്ചിരുന്ന നബി(സ) യുടെ അപദാനങ്ങള്‍ ശ്രോതാക്കളില്‍ ആശയും ആവേശവും പകര്‍ന്നു. യാത്രാസംഘാംഗങ്ങള്‍ പ്രസ്തുത മഹത്തായ സന്ദേശത്തിന്റെ വാഹകരും നബിയുടെ അനുയായികളുമാണെന്നറിഞ്ഞപ്പോള്‍ ഭരണാധികാരികള്‍ക്ക് അവരുടെ കൂടെ അനുഗമിക്കണമെന്ന് അഭിലാഷം തോന്നി. യാത്രാ സംഘം സിലോണില്‍ പോയി സസുഖം തിരിച്ചുവരാനായി ആശംസിക്കുകയും തിരിച്ച് കൊടുങ്ങല്ലൂര്‍ വരുമ്പോള്‍ താനും അറേബ്യ സന്ദര്‍ശിക്കുവാന്‍ കൂടെ പോരുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. യാത്രാ സംഘം മടക്കയാത്രയില്‍ കേരളത്തിലിറങ്ങാമെന്ന് വാക്ക് കൊടുത്ത് യാത്രയാരംഭിച്ചു.

സഞ്ചാരികളായ ഈ അറബികളാണ് കേരളത്തിലെത്തിയ ആദ്യത്തെ മതപ്രചാരകന്മാരെന്ന് സമ്മതിക്കുന്നതോടൊപ്പം, ഇവരുടെ മതപരമായ പാണ്ഡിത്യത്തെ പ്രശംസിക്കുകയും ചെയ്തിട്ടുള്ള രേഖകള്‍ നമുക്ക് കാണാന്‍ കഴിയും. ‘ഇസ്്‌ലാം’ ധര്‍മ്മ പ്രചാരണാര്‍ത്ഥം ആരംഭിച്ച സാമൂഹികവിപ്ലവം ഇതര സഹോദര സമുദായങ്ങളുടെയിടയിലേക്ക് കടന്നതും വളര്‍ന്നതും ഈ സഞ്ചാരികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കൊണ്ടാണ്.

ചേരമാന്റെ കാലത്ത് കേരളത്തില്‍ വന്ന അറബ് പ്രതിനിധികള്‍ക്ക് ചരിത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി കാണുന്നു. ചേരമാന്‍ പെരുമാളുടെ ആതിഥ്യ മര്യാദയും സ്‌നേഹവും അറബികളും എടുത്തു പറഞ്ഞിരിക്കുന്നു. ആ ആതിഥ്യമര്യാദ ഇന്നും കേരളീയരില്‍നിന്ന് മാഞ്ഞുപോയിട്ടില്ല.
കേരള ചരിത്രത്തില്‍ ഇത്രയധികം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള മറ്റൊരു സംഭവം ഉണ്ടെന്ന് തോന്നുന്നില്ല. ചേരമാന്‍ പെരുമാള്‍ അറേബ്യയില്‍ പോയെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. ചരിത്രകാരന്മാരില്‍ ഒരു വിഭാഗം ചേരമാന്റെ കാലനിര്‍ണ്ണയം സംശയാസ്പദമെന്ന് വിധിക്കുന്നു. ചേരമാന്‍ കൈലാസത്തിലേക്ക് പോയെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളവരും ചരിത്രകാരന്മാരിലുണ്ട്. ആ ഭരണാധിപനെ തെളിവുകളുടെ പിന്‍ബലമില്ലാതെ കൈലാസത്തിലേക്ക് അയക്കുന്നവരോട് സഹതപിക്കുകയേ തരമുള്ളൂ. ചേരമാന്‍ അറേബ്യയില്‍ പോയെന്ന് നിഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകും. പക്ഷേ, അദ്ദേഹം ഇസ്്‌ലാം മതം സ്വീകരിച്ചെന്ന വാര്‍ത്ത മറച്ചുപിടിക്കാനാണ് സങ്കുചിത മനസ്‌കരായ ചിലരുടെ ശ്രമം. ആരായിരുന്നു ചേരമാന്‍? ഇതിന് വളച്ചു കെട്ടില്ലാതെ ഉത്തരം പറയേണ്ടത് ചരിത്രകാരന്മാരുടെ കര്‍ത്തവ്യമാണ്. ചരിത്രരേഖകളുടെ പിന്‍ബലത്താല്‍ പല വിവരങ്ങളും പുറത്തുകൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല.

ചേരമാന്‍ പെരുമാളിന്റെ പ്രശസ്തി ഭരണാധികാരിയെന്ന നിലക്ക് കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ വ്യാപിച്ചിരുന്നു. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളെ സംബന്ധിച്ച് പല ഐതിഹാസിക കഥകളും മലയാളികളുടെയിടയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പെരുമാള്‍ എന്നത് വംശപരമ്പരയാണ്. നാല് ഘട്ടങ്ങളിലായി 58 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്നു. ബുദ്ധമതവും ക്രിസ്തീയമതവും വിശ്വസിച്ച പെരുമാള്‍ മാരും ഉണ്ടായിരുന്നു. അവസാനത്തെ പെരുമാള്‍ ഇസ്്‌ലാം മതം സ്വീകരിച്ചുവെന്നാണ് ചരിത്രം. പ്രവാചകന്റെ കാലത്തു തന്നെ കേരളക്കരയില്‍ ഇസ്്‌ലാം മതം പ്രചരിച്ചിരുന്നെന്നും അതിനുമുമ്പുതന്നെ അറബികളുമായി കേരളം വ്യാപാരബന്ധം പുലര്‍ത്തിപ്പോന്നിരുന്നെന്നും ബാഗ്ദാദില്‍ 9-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ‘അലിഅല്‍ത്വബ് രി’ എന്ന പ്രശസ്ത ചരിത്രപണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: ‘അറേബ്യ സാംസ്‌കാരികമായി വെളിച്ചം കാണുന്നത് ഏഴാം നൂറ്റാണ്ടിലാണ്. എന്നാലും വ്യാപാര പ്രിയരും സഞ്ചാരികളുമായ അറേബ്യന്‍ സിന്ധിലും കേരളത്തിലും അവരുടെ കപ്പലുകളുമായി ആറാം നൂറ്റാണ്ടില്‍ തന്നെ ചെന്നെത്തിയിരുന്നു. വിദേശരാജ്യങ്ങളിലേക്ക് പോയ ഇസ്്‌ലാമിക പ്രചാരകര്‍ വനോല്‍പ്പന്നങ്ങള്‍ വാങ്ങുകയും അറേബ്യയുടെ സംസ്‌കാരം പകര്‍ന്നു കൊടുക്കുകയും ചെയ്തു. കേരളം ഈ വ്യാപാര പ്രമുഖന്മാരെ സ്വീകരിച്ചു ബഹുമാനിച്ചു. പ്രവാചകവര്യന്റെ അപദാനങ്ങള്‍ കേട്ട അന്നത്തെ ഭരണാധികാരി ഇസ്്‌ലാമിക സന്ദേശം സ്വീകരിച്ച് അറേബ്യ സന്ദര്‍ശിച്ചു. പ്രവാചകന്റെ അതിഥിയായി പതിനേഴ് ദിവസം അറേബ്യയില്‍ താമസിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച ഭരണാധികകാരിയാണ് അന്നത്തെ കേരള പെരുമാള്‍. വിദ്യാഭ്യാസത്തിനും ക്ഷാമനിവാരണത്തിനുമായി വളരെയധികം പണം ജിദ്ദയിലും ഷെഹര്‍മുഖല്ലയിലും ചെലവഴിച്ച ഈ ദാനശീലന്‍ അറേബ്യന്‍ പ്രഭുക്കള്‍ക്ക് മാതൃകകാണിക്കുക കൂടി ചെയ്തു.’ (Pradise of wisdom. by Al-Tabari)
ഈ ഭരണാധികാരി ചേരമാന്‍ പെരുമാളാണെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. അലി അല്‍ത്വബ് രിയുടെ ഗ്രന്ഥത്തില്‍, ആറാം നൂറ്റാണ്ടു മുതല്‍ കേരളത്തിന് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ വിദേശിയരായ യാത്രക്കാരില്‍ അറബികളാണ് ഇവിടെ കൂടുതല്‍ വന്നിരുന്നതെന്നും അവരില്‍ ഒരു വിഭാഗം ഇസ്്‌ലാം മത പ്രചാരകന്മാരായിരുന്നുവെന്നും വ്യക്തമാക്കുന്നു. ആ മത പ്രചാരകന്മാര്‍ക്ക് ഇസ്്‌ലാം മതാനുയായിയായ ഒരു കേരള രാജാവിന്റെ പിന്തുടര്‍ച്ചക്കാര്‍ വേണ്ടത്ര സഹായം ചെയ്തിരുന്നുവെന്നും കാണാം.

ആദ്യത്തെ മുസ് ലിം രാജവംശം

പ്രശസ്തമായ കണ്ണൂര്‍ അറക്കല്‍ രാജകുടുംബം ആദ്യം സ്ഥിതി ചെയ്തിരുന്നത് ധര്‍മ്മടത്താണ്. പൗരാണികര്‍ ധര്‍മ്മപട്ടണം എന്നു വിളിച്ചിരുന്ന ആ പ്രദേശമാണ് ധര്‍മ്മടമായി മാറിയത്. മുമ്പൊരു ഉയര്‍ന്ന വ്യാപാര കേന്ദ്രമായിരുന്ന ധര്‍മ്മടം കാലക്രമേണ ക്ഷയിച്ചു. അക്കാലത്തെ അറക്കല്‍ കൊട്ടാരത്തില്‍ ഒരു മരപ്പലകയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന അറബി പദ്യം കൊട്ടാരം പൊളിച്ചപ്പോള്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്. കുറെ ഭാഗം ചിതല്‍ തിന്നെങ്കിലും വിലയേറിയ മറ്റു ചില ഭാഗങ്ങള്‍ ലഭിച്ചു. ആ രേഖയില്‍ ഇങ്ങനെ കാണുന്നു: ‘ചേരമാന്‍ പെരുമാളോടൊപ്പം യാത്ര പുറപ്പെട്ടവരില്‍ ഏതാനും കേരളീയരുണ്ടായിരുന്നു.’ ചേരമാന്‍ മക്കയില്‍ പോയി മടങ്ങി വരുമ്പോള്‍ വഴിമധ്യേ മരിച്ചുവെന്നും മരിക്കുമ്പോള്‍ ചേരമാന്റെ പേര്‍ ‘ താജുദ്ദീന്‍’ എന്നായിരുന്നുവെന്നും ആ പദ്യത്തില്‍ പറയുന്നു. അറക്കല്‍ സ്വരൂപത്തിന്റെ ചരിത്രം ഈ രേഖയെ പ്രബലപ്പെടുത്തുന്നുണ്ട്. അറക്കല്‍ രാജവംശം സ്ഥാപിതമായത് ഹിജ്‌റ 1-ാം നൂറ്റാണ്ടിലാണെന്ന് അറക്കല്‍ രാജകുടുംബത്തിലുള്ള കയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.

ചേരമാന്‍ പെരുമാള്‍ പ്രവാചകന്റെ കാലത്തു തന്നെ മക്കയിലേക്ക് പോയിട്ടുണ്ടെന്നാണ് അറക്കല്‍ രാജ്യസ്വരൂപത്തില്‍ നിന്നു കിട്ടിയ അമൂല്യമായ ഒരു ഗ്രന്ഥവരിയില്‍ നിന്ന് വ്യക്തമാകുന്നത്. കൊടുങ്ങല്ലൂര്‍ ചെന്ന് കപ്പല്‍ കയറി അദ്ദേഹം മക്കത്തു ചെന്ന് മുഹമ്മദ് നബി(സ)യെ കണ്ടു. മാലിക്ക് ദീനാര്‍ വംശത്തിലെ ഒരു സ്ത്രീയെ കല്യാണം കഴിച്ചു. മലയാളത്തില്‍ (കേരളത്തില്‍) ആ മതത്തെ പ്രചാരം ചെയ്യേണ്ടതിന് മാലിക്ക് ബിന്‍ ദീനാര്‍ എന്ന ആളെക്കൂടി കൂട്ടി മലയാളത്തില്‍ ചെന്ന് ഇസ്്‌ലാം മത പ്രബോധനം ചെയ്യണമെന്ന് കല്‍പിച്ചു. അങ്ങനെ തന്നെയെന്നു സമ്മതിച്ചു രണ്ടാളും സഫാറിലേക്ക് വന്നപ്പോള്‍ അവിടെവെച്ചു ചേരമാന്‍ പെരുമാള്‍ പരലോകം പ്രാപിച്ചു. മാലിക് ദീനാര്‍ എന്ന ആള്‍ കേരളത്തില്‍ വന്ന് കൊടുങ്ങല്ലൂരിറങ്ങി. ഇസ്്‌ലാം മതത്തെ സംബന്ധിച്ച് ധര്‍മ്മ പട്ടണത്തില്‍ പ്രചാരണം ആരംഭിച്ചു. ചേരമാന്‍ പെരുമാള്‍ വംശം ഇസ്്‌ലാം സ്വീകരിച്ചു.

ചേരമാന്‍ പെരുമാളുടെ സഹോദരിയായ ‘ശ്രീദേവി’ യുടെ മകനായ ‘മഹാബലി’ എന്ന കുട്ടിക്ക് മുഹമ്മദലി എന്ന് പേര്‍ വിളിച്ചു. ആ മുഹമ്മദലി തന്നെ സുല്‍ത്താന്‍ ആലിരാജ സ്വരൂപത്തിലെ ആദി രാജാവ് (മക്കന്‍സിമാന്‍ സ്‌ക്രിപ്റ്റ് – മദ്രാസ് ഓറിയന്റല്‍ ലൈബ്രറി). അപ്പോള്‍ പ്രവാചകന്റെ കാലത്താണ് ചേരമാന്‍ പെരുമാളുടെ മക്കാ യാത്രയെന്ന് വ്യക്തമാകുന്നു.
മുഹമ്മദു നബി(സ) യുടെ ജീവിത കാലത്തു തന്നെ കേരളത്തില്‍ ഇസ്്‌ലാമിന്റെ പ്രകാശം അറബി-മുസ്്‌ലിം പ്രബോധകര്‍ വഴി എത്തിയെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രഥമ മുസ്്‌ലിം കേന്ദ്രം കേരളമാണെന്നും ചരിത്രം തെളിയിക്കുന്നു.

ഡോ.മുഹ് യിദ്ദീന്‍ ആലുവായ്‌