എന്റെ ഹജ്ജ് യാത്ര

എന്റെ ഹജ്ജ് യാത്ര

ഡോ. മുഹ് യുദ്ധീന്‍ ആലുവായ്

ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും 1997 ല്‍ ഞാന്‍ മദീനാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി എത്തി. ആ വര്‍ഷം തന്നെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചു. ഹജ്ജും ഉംറയും നിര്‍വഹിക്കുക ഇസ്്‌ലാമിക ചരിത്രത്തിന്റെ വിപ്‌ളവാത്മകമായ സ്്മരണകള്‍ വിളിച്ചറിയിക്കുന്ന പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് എന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. ആ യാത്ര അനുവാചകരുമായി പങ്ക് വെക്കാന്‍ എനിക്ക് അവസരം നല്‍കിയതില്‍ ഞാന്‍ വളരെ കൃതാര്‍ത്ഥനാണ്.

മദീനയില്‍ നിന്നാണ് ഞാന്‍ ഹജ്ജിന് പുറപ്പെട്ടത്. മദീനയെയും മക്കയെയും ബന്ധിപ്പിക്കുന്ന വിശ്രുത പാതയാണ് ‘ ത്വരീഖുല്‍ ഹിജ്‌റ’. 420 കി.മീ. നീളമുണ്ടതിന്. അതിലൂടെയാണ് ഞങ്ങള്‍ മക്കയിലെത്തിയത്. പ്രവാചകന്‍(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയ സംഭവത്തെ അനുസ്മരിപ്പിക്കുമാറ് ഏതാണ്ട് അതേ ദിശയിലാണ് പിന്നീട് ഈ പാത നിര്‍മിച്ചത്. ഹറമിന്റെ മിനാരം വളരെ ദൂരത്തുനിന്നേ ദൃശ്യമാകും. തുടര്‍ന്നുള്ള നിമിഷങ്ങള്‍ വിവരിക്കുവാന്‍ സാധ്യമല്ല. ഹൃദയത്തിന്റെ വികാരതുടിപ്പുകള്‍ ഒപ്പിയെടുക്കാന്‍ തൂലികക്കാവുന്നില്ല. തൗഹീദിന്റെയും വിശ്വാസത്തിന്റെയും മാനവികതയുടെയും നിര്‍ഝരിയില്‍ നീരാടുന്ന പ്രതീതി. ബാബ് അബ്്ദില്‍ അസീസിലൂടെ ഹറമില്‍ പ്രവേശിച്ചു. കഅ്ബ ദൃശ്യമായപ്പോള്‍ നിര്‍ദ്ദിഷ്ട പ്രാര്‍ഥനാ മന്ത്രങ്ങള്‍ ചുണ്ടുകളിലൂടെ അടര്‍ന്നുവീണു. ഹറമില്‍ പ്രവേശിച്ചാലുടന്‍ ത്വവാഫുല്‍ ഖുദൂമാണ് നിര്‍വഹിക്കുക. സാധാരണ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ആദ്യമായി നിര്‍വഹിക്കുന്നത് തഹിയ്യത്തുല്‍ മസ്ജിദാണെങ്കില്‍ ഇവിടെ ത്വവാഫാണ്. ത്വവാഫ് കഅ്ബയുടെ ചുറ്റുമാണ്. ഹിജ്‌റ് ഇസ്മാഈലീന് പുറത്തുകൂടിവേണം ത്വവാഫ് നടത്താന്‍. കാരണം ഹിജ്‌റ് ഇസ്മാഈല്‍ കഅ്ബയുടെ ഭാഗമാണ്. ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും പുനര്‍നിര്‍മിച്ച കഅ്ബയുടെ അടിത്തറയാണത്. പില്‍ക്കാലത്ത് കാലക്കെടുതിക്കു ശേഷം കഅ്ബ പുതുക്കിപണിതപ്പോള്‍ അറബികളുടെ സാമ്പത്തിക ഞെരുക്കം നിമിത്തം ഏതാനും ഭാഗം ഒഴിച്ചുനിര്‍ത്തുകയാണ് ഉണ്ടായത്. ആ ഭാഗമാണ് ഇന്ന് ഹിജ്‌റ് ഇസ്മാഈല്‍ എന്നപേരില്‍ അറിയപ്പെടുന്നത്.

കഅ്ബയുടെ ചുറ്റുമുള്ള ത്വവാഫ് ( പ്രദക്ഷിണം) ഭൂലോകത്തിന്റെ കേന്ദ്രത്തിനു ചുറ്റുമുള്ള വലയം വെക്കലാണ്. ഭൂലോകത്തെ ആദ്യത്തെ വിശുദ്ധ ഭവനത്തിന് ചുറ്റുമുള്ള വലയം വെക്കല്‍. അല്ലാഹുവിന്റെ തിരുസന്നിധിയിലുള്ള സൃഷ്ടികളുടെ സമര്‍പ്പണത്തിന്റെ അനുസരണ പ്രതിജ്ഞയുടെ പ്രകാശനമാണീ ചുറ്റല്‍. ആദം നബിയാല്‍ നിര്‍മിതമാകുകയും ഇബ്്‌റാഹീം, ഇസ്മാഈല്‍ നബിമാരാല്‍ പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത ദൈവിക ഭവനത്തിനു ചുറ്റുമുള്ള പ്രദക്ഷിണം.

ത്വവാഫിനെ തുടര്‍ന്ന് മഖാമു ഇബ്്‌റാഹീമിന്റെ പിന്നില്‍ നിന്നും രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഏത് ഭാഗത്തുനിന്നും നമസ്‌കരിക്കാം. പക്ഷേ അതിന് ഒരു കേന്ദ്രീകൃത സ്വഭാവവും സ്ഥിര വ്യവസ്ഥയും നിശ്ചയിച്ചു. ”ഇബ്‌റാഹീം പ്രാര്‍ഥനക്ക് വേണ്ടി നിന്നിരുന്ന സ്ഥാനത്തെ നിങ്ങള്‍ ഒരു പ്രത്യേക പ്രാര്‍ഥനാ സ്ഥാനമാക്കുവിന്‍’. പിന്നീട് സഅ് യ് നടത്തി. സഫയില്‍ നിന്നും ആരംഭിച്ച് മര്‍വയില്‍ അവസാനിക്കുന്ന ഏഴ് ഓട്ടമാണ് സഅ് യ്. ഒറിജിനല്‍ സഫ മര്‍വ മലകളുടെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു. സഅ് യ് മര്‍വയില്‍ അവസാനിച്ചാലുടന്‍ അവിടെവെച്ച് മുടിവെട്ടി ഉംറ പൂര്‍ത്തിയാക്കി.

(സ്വയം മുടിവെട്ടാം. ഉപകരണം ലഭ്യമാണ്. വെട്ടിത്തരാന്‍ ആളുമുണ്ട്) പിന്നീട് ഞങ്ങള്‍ ദുല്‍ഹജ്ജ് എട്ടിന് മിനയില്‍ എത്തി. തുടര്‍ന്ന് അറഫയിലും.

ആദ്യ പിതാവിന്റെയും മാതാവിന്റെയും പുനഃസമാഗമം നടന്നത് അറഫയില്‍ വെച്ചാണ്. ഈ നാമകരണം തന്നെ ആ സംഭവത്തെ അന്വര്‍ത്ഥമാക്കുന്നു. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്ന ആദം(അ) സിലോണില്‍ ഇറങ്ങുകയും ജസീറത്തുല്‍ അറബില്‍ എത്തിച്ചേരുകയും അവിടെവെച്ച് ഭാര്യ ഹവ്വ ബീവിയുമായി സന്ദിച്ചുവെന്നുമാണ് കഥ. ജിദ്ദയില്‍ ഹവ്വ ബീവിയുടെ ഖബര്‍ കാണാം. ‘ഗ്രാന്റ് മദര്‍’ എന്ന അര്‍ഥത്തിലുള്ള ‘ജദ്ദ:’ എന്ന അറബി പദത്തില്‍നിന്നാവാം ‘ജിദ്ദ’ യുണ്ടാവുന്നത്. അങ്ങനെയാണെങ്കില്‍ ഈ നാമകരണവും ഈ കഥയെ അന്വര്‍ത്ഥമാക്കുന്നു. ആദ്യമാതാപിതാക്കളുടെ ഗേഹമാണ് അറഫ. അവിടെ മനുഷ്യകുലം ഒന്നായി കൂടിച്ചേരുന്നു. വിവിത നാടുകളില്‍നിന്നുള്ളവര്‍ വിവിധ ഭാഷക്കാര്‍, വിവിധ വര്‍ണ്ണക്കാര്‍, വിവിധ ഗോത്രക്കാര്‍ അങ്ങനെ മാനവകുലത്തിന്റെ ഒത്തുചേരല്‍. മനുഷ്യന്റെ ഉദ്ഭവസ്ഥാനത്ത് സമ്മേളിക്കുന്നു. വിശ്വ മാനവികതയുടെ ജീവസുറ്റ പ്രതീകമാണ് അറഫ. സമത്വവും സാഹോദര്യവും അവിടെ പ്രഘോഷണം ചെയ്യപ്പെടുന്നു. ഓരോരുത്തരും സ്വതറവാട്ടില്‍ സംഘമിക്കുമ്പോള്‍ അവിടെ വലുപ്പച്ചെറുപ്പമില്ല. വിവിധ തട്ടുകളില്ല. എല്ലാം ഏകത്വത്തില്‍ നിന്ന് ഏകത്വത്തിലേക്ക്. മഹ്ശറ മൈതാനത്തില്‍ ഒത്തുചേരുന്നതിന്റെ പ്രതീതി.

ആദമില്‍ നിന്ന് അന്ത്യപ്രവാചകനിലേക്കുള്ള ശൃംഖല ഒരേ ഒരു ബിന്ദുവില്‍ തുടങ്ങി അവസാനിക്കുന്നു. അവിടേക്ക് ലോകാവസാനം വരെ നടക്കുന്ന വിശ്വാസികളുടെ തീര്‍ത്ഥാടനം ഈ ബന്ധത്തെ ദൃഢീകരിക്കുന്നു.

ഉമ്മുല്‍ ഖുറാ എന്നും മക്കക്ക് പേരുണ്ട്. പട്ടണങ്ങളുടെ മാതാവ് എന്നാണീ വാക്കിന്റെ അര്‍ത്ഥം. ഈ ആശയം താഴെപറയുന്ന പോയിന്റുകളിലൂടെ സമര്‍പ്പിക്കാം. (1) ആദി മനുഷ്യന്റെ ഗേഹമാണ് മക്ക. (2) ആദ്യത്തെ ആരാധനാ മന്ദിരം സ്ഥാപിക്കപ്പെട്ടത് മക്കയിലാണ്. ‘മനുഷ്യര്‍ക്കായി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഭവനം മക്കയിലുള്ളതാണ്.’ (3) അബുല്‍ അംബിയാഅ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌റാഹീം നബി(അ) ഭാര്യ ഹാജറയെയും മകനെയും താമസിപ്പിക്കുവാന്‍ തിരഞ്ഞെടുത്തത് ഭൂലോകത്തെ ആദ്യ ദൈവ ഭവനത്തിന് സമീപമാണ്. ‘ഞങ്ങളുടെ നാഥാ! എന്റെ സന്താനങ്ങളില്‍ ഒരു വിഭാഗത്തെ യാതൊരു കൃഷിയുമില്ലാത്ത ഈ മലഞ്ചെരുവില്‍, അതെ അവിടത്തെ പരിശുദ്ധവും ശ്രേഷ്ഠവുമായ ഭവനത്തിന് അരികില്‍ ഞാന്‍ താമസിപ്പിച്ചിരിക്കുന്നു.’ ഇബ്‌റാഹീം നബിയുടെ ഈ പ്രാര്‍ഥന വ്യക്തമാക്കുന്നത്, മുമ്പിവിടെ ദൈവിക ഭവനം ഉണ്ടായിരുന്നുവെന്നാണ്. അതിന്റെ ജീര്‍ണാവസ്ഥ മാറ്റി പുനരുദ്ധരിക്കുക മാത്രമാണ് അവര്‍ നിര്‍വഹിച്ചത്. (4) അവിടെ വിവിധ ജനവിഭാഗങ്ങള്‍ വീണ്ടും ഒത്തുകൂടി. ജനവാസം പുനരാരംഭിച്ചു. നാഗരികത വളര്‍ന്നുവികസിച്ചു. ഇബ്‌റാഹീമും ഇസ്മാഈലും (അ) കൂടി ദൈവിക ഭവന (കഅ്ബ) ത്തിന്റെ പുനര്‍നിര്‍മാണം നടത്തി. ‘ഓര്‍ക്കുക ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്‌റാഹീമും ഇസ്മാഈലും പ്രാര്‍ഥിച്ചിരുന്നു: ഞങ്ങളുടെ നാഥാ ഞങ്ങളില്‍ നിന്നും ഈ ഏളിയ കര്‍മം നീ സ്വീകരിക്കേണമേ…..’ എന്ന ഖുര്‍ആന്റെ സൂക്തത്തിന്റെ പദപ്രയോഗം സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഈ വസ്തുത വ്യക്തമാവും. റഫഅ: യര്‍ഫഉ എന്ന പദത്തിന് ഉയര്‍ത്തി എന്നാണ് അര്‍ഥം. ഖവാഇദ എന്നാല്‍ ഭിത്തി, മതില്‍ എന്നും. ‘ ഖവാഇദ മിനല്‍ ബൈത്തി’ എന്നാല്‍ വീടിന്റെ മതിലുകള്‍, ഭിത്തി എന്ന് വിവക്ഷ. മുമ്പുണ്ടായിരുന്ന വീടിന്റെ എന്ന ആശയം ഇത് പ്രകാശിപ്പിക്കുന്നു. (5) ഭൂലോകത്തിന്റെ കേന്ദ്ര ബിന്ദുവാണ് മക്ക. എന്നുമാത്രമല്ല. ആദ്യം സൃഷ്ടിക്കപ്പെട്ട ഭൂമേഖലയും ഇതുതന്നെ. അവിടെ ആദ്യമാതാപിതാക്കള്‍ ജീവിച്ചു. മനുഷ്യവര്‍ഗം ഉടലെടുത്തു. (6) ഭൂമിശാസ്ത്രപരമായി ഭൂമിയുടെ മധ്യഭാഗമാണ് മക്ക. ഈ കാരണങ്ങളാല്‍ മക്ക (കഅ്ബ) മനുഷ്യ കേന്ദ്രമായി തിരഞ്ഞെടുത്തു. അവിടെനിന്നാണ് ലോക നാഗരികത ഉല്‍ഭവിച്ചത് അതത്രേ ഉമ്മുല്‍ ഖുറ.

കഅ്ബയും മസ്ജിദുല്‍ ഹറാമും ഉള്‍ക്കൊള്ളുന്ന പ്രദേശവും ഹറം(വിശുദ്ധം)ആണല്ലോ. ഹജ്ജിനും ഉംറക്കും എത്തുന്നവര്‍ നേരെ ഹറമില്‍ എത്തുകയല്ല ചെയ്യുന്നത്. പ്രത്യുത നിര്‍ണിത സ്ഥലങ്ങളില്‍ (മീഖാത്ത് ) വെച്ച് പ്രത്യേക വസ്ത്രവും മന്ത്രധ്വനികളുമായാണ് ഹറമിലേക്ക് കടന്നുവന്ന് മീഖാത്ത് വിട്ട് ഹറം പ്രദേശത്തേക്ക് കടക്കുന്നു. അവിടന്ന് മസ്ജിദുല്‍ ഹറാമിലെത്തുന്നു. അവിടം കൂടിയാണ് കഅ്ബയുടെ മുറ്റത്തെത്തുന്നത്. അപ്പോള്‍ മൂന്ന് സര്‍ക്കിളുകള്‍ (ബെല്‍റ്റുകള്‍) (മീഖാത്ത്, ഹറം പ്രദേശം, മസ്ജിദുല്‍ ഹറം) തരണം ചെയ്യുന്നു. കഅ്ബ വിശുദ്ധിയുടെ മൂന്ന് ബെല്‍റ്റുകള്‍ക്കുള്ളില്‍ നിലകൊള്ളുന്നു.

ഹജ്ജിന്റെ ഓരോ ചടങ്ങിലും (വിശിഷ്യാ ത്വവാഫ്, അറഫാത്തില്‍ നിക്കല്‍) മനുഷ്യന്‍ ഒരേ ചിന്തയില്‍, ഒരേ മന്ത്ര ധ്വനിയില്‍, ഒരേ സ്ഥലത്ത്, ഒരേ ജീവിത രീതിയില്‍ , ഒരേ ചിട്ടയില്‍ സമ്മേളിക്കപ്പെടുന്നു. വിശ്വമാനവികതയുടെയും സാഹോദര്യത്തിന്റെയും അനിഷേധ്യവും അനിതരസാധാരണവുമായ ഐക്യമത്യം. ഇസ്ലാമിലെ ഹജ്ജിനല്ലാതെ ഈ ദൃശ്യം സൃഷ്ടിക്കുവാന്‍ മറ്റൊന്നിനും സാധ്യമല്ല.

ഹജ്ജില്‍ ലോക ജനത സമ്മേളിക്കുന്നു. ചുരുങ്ങിയ ചെലവില്‍ ലോകത്തിന്റെ നാനാദിക്കിലുമുള്ള ജനവിഭാഗത്തെ അറിയാനും ആശയവിനിമയം നടത്താനും സാംസ്‌കാരിക വ്യവഹാരം നടത്താനും കഴിയുന്നു. നാഗരികത പഠിക്കാനും വിവിധ സമൂഹത്തിന്റെ സ്പന്ദനങ്ങളും അവരുടെ സാസ്‌കാരിക പ്രവര്‍ത്തനങ്ങളും അറിയാനും കഴിയുന്നു.

വിവിധ ഘട്ടങ്ങളിലായി ഞാന്‍ അഞ്ച് പ്രവാശ്യം ഹജ്ജ് ചെയ്തു. ചരിത്ര സ്്മൃതികള്‍ മനസില്‍ നിറച്ചുകൊണ്ട് പുണ്യസ്ഥലങ്ങളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിച്ചു.

അവലംബം: യുവസരണി ഹജ്ജ് സപ്‌ളിമെന്റ്