മിതത്വം: മാതൃകാ സമൂഹത്തിന്റെ അനിവാര്യ ഗുണം

മിതത്വം: മാതൃകാ സമൂഹത്തിന്റെ അനിവാര്യ ഗുണം

മിതത്വം മുഴുജീവിതത്തിലും ആവശ്യമാണ്. ആരാധനയില്‍ പോലും ! ആരാധനയുടെ പേരില്‍ സ്വദേഹത്തെ താങ്ങാനാവാത്ത ഭാരം വഹിപ്പിച്ച് പീഡിപ്പിക്കാനോ ആത്മനാശകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനോ മുസ്്‌ലിമിന്ന് അനുവാദമില്ല. അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് പോലും ഭൂഷണമല്ല. ആത്മീയ വളര്‍ച്ച നേടുന്നതിന് ഇത്തരം മാര്‍ഗങ്ങളൊന്നും ഇസ് ലാം അംഗീകരിച്ചിട്ടുമില്ല. അതിന് ഋജുവായ ഒരു മാര്‍ഗമുണ്ട് – ‘മിതത്വം’. ദൈവത്തെ ഭയപ്പെടുകയും അവന്റെ കല്‍പനകള്‍ പിന്‍പറ്റുകയും അവന്റെ വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കുകയുമാണ് ആത്മീയ വളര്‍ച്ചക്കുള്ള മാര്‍ഗം – നല്ലതിനെ തിരസ്‌കരിക്കലും വര്‍ജിക്കലുമല്ല. അല്ലാഹു പറയുന്നു: ‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള ഉത്തമ വിഭവങ്ങളെ നിഷിദ്ധമാക്കരുത്. നിങ്ങള്‍ അതിരുകവിയാതിരിക്കുവീന്‍. അതിരുകവിയുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.’ (വി.ഖു.5: 87)
ഇസ് ലാമിന്റെ മിതത്വഭാവം പ്രവാചകാനുയായികള്‍ വേണ്ടവിധം ഉള്‍ക്കൊണ്ടിരുന്നു. ഒരു പ്രത്യേക ആരാധന അവരെ തടങ്കലിലാക്കിയിരുന്നില്ല. ഒരു പ്രത്യേക ആചാരത്തിനുമാത്രം അവര്‍ പ്രാമുഖ്യം കല്‍പിച്ചിരുന്നുമില്ല. എല്ലാ ആരാധനാ കര്‍മ്മങ്ങളെയും അവര്‍ സമൂലം സ്വീകരിച്ചു. എല്ലാ അവസ്ഥകള്‍ക്കും അവര്‍ അതിന്റെതായ പരിഗണനയും നല്‍കി. അവയില്‍ പൊതുവായ ചിട്ടയും വ്യവസ്ഥയും സന്തുലിതത്വവും മിതത്വവും പാലിച്ചുകൊണ്ട് തന്നെ അവര്‍ ജീവിതത്തില്‍ പൂര്‍ണത നേടിയെടുത്തു. നമസ്‌കാരം സമയത്ത് പള്ളിയില്‍ വരുന്നു: വിദ്യ അഭ്യസിക്കുവാന്‍ വിജ്ഞാനസദസ്സുകളിലെത്തുന്നു; ജിഹാദിന്റെ സമയത്ത് രണഭൂമിയിലേക്ക് ഒഴുകുന്നു. പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും ഘട്ടത്തില്‍ ജനങ്ങളുടെ ആശ്വാസകേന്ദ്രമായി വര്‍ത്തിക്കുന്നു.
ജീവിതത്തില്‍ മിതത്വം പാലിക്കാന്‍ പ്രവാചകന്‍ ശക്തിയായിത്തന്നെ ഉപദേശിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലൂടെ അദ്ദേഹം അതിന് മാതൃക കാണിച്ചുതരികയും ചെയ്തു. ആരാധനാ കാര്യങ്ങളില്‍ തീവ്രത പുലര്‍ത്തിയവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രവാചകന്‍ മടികാണിച്ചില്ല. ഇമാം ബുഖാരിയും മുസ് ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ നിന്ന് ഈവസ്തുത മനസ്സിലാവും: ഒരിക്കല്‍ പ്രവാചകന്റെ ആരാധനാരീതി ആരാഞ്ഞുകൊണ്ട് ഒരു മൂന്നംഗ സംഘം പ്രവാചക പത്‌നിമാരുടെ അടുക്കല്‍ വന്നു. പ്രവാചക പത്‌നിമാരുടെ വിവരണം കേട്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘നമ്മളെവിടെ പ്രവാചകനെവിടെ ! അദ്ദേഹത്തിന് കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല പാപങ്ങളും പൊറുക്കപ്പെട്ടിട്ടുണ്ട്.’ (അതുകൊണ്ട് അദ്ദേഹത്തിന് ഇത്രയൊക്കെ ആരാധനകള്‍ മതിയാവും). അവരിലൊരാള്‍ പറഞ്ഞു: ‘എന്നാല്‍ ഇനിമുതല്‍ എന്നും രാത്രി മുഴുവന്‍ ഞാന്‍ നിന്നു നമസ്‌കരിക്കും.’ രണ്ടാമത്തെ വ്യക്തി: ‘വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിക്കാനാണ് ഞാനുദ്ദേശിക്കുന്നത്.’ മൂന്നാമന്‍: ‘ഞാനിനി ഭാര്യയുമായി ബന്ധപ്പെടുകയേയില്ല….’ അല്പം കഴിഞ്ഞ് പ്രവാചകന്‍ ആഗതനായി സംഭവങ്ങളെല്ലാം അറിഞ്ഞു. അവിടുന്ന് അവരെ വിളിച്ചു സംഗതി ആരാഞ്ഞു : ‘അല്ല, ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ ? എന്നാല്‍, അല്ലാഹുവാണ, നിങ്ങളെക്കാളെല്ലാം ദൈവഭയമുള്ളവനാണ് ഞാന്‍. എങ്കിലും ഞാന്‍ നോമ്പനുഷ്ഠിക്കുന്നു; ഒഴിവാക്കുകയും ചെയ്യുന്നു. നമസ്‌കരിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുകയും…. എന്റെ ചര്യ വിടുന്നവന്‍ നമ്മില്‍ പെട്ടവനല്ല.’
ഒരു ഖുര്‍ആന്‍ വാക്യം നോക്കുക: ‘ ദീനില്‍ നിങ്ങള്‍ക്ക് യാതൊരു കഷ്ടതയും ഉണ്ടാക്കിവെച്ചിട്ടില്ല.’ (22: 78). മറ്റൊരിടത്ത് : ‘അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ഭാരം വഹിപ്പിക്കുകയില്ല.’ (2:286). ഈ രൂപത്തില്‍ ചിട്ടപ്പെടുത്തപ്പെട്ട ഇസ്്‌ലാമിക വ്യവസ്ഥിതി ഒരു ‘മധ്യമസമുദായ’ത്തിന് രൂപം നല്‍കിയെന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ആ മധ്യമസമുദായം ജനങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ‘ഉത്തമ’ സമൂഹമായിരുന്നു. കാരണം മിതത്വത്തിന് മാത്രമേ ഉത്തമ ഗുണം സംഭാവന ചെയ്യാന്‍ കഴിയൂ. ഏതെങ്കിലും ഒരു ഭാഗത്തേക്കുള്ള ചായ് വ് സന്തുലിതത്വം നശിപ്പിക്കുകയും തീവ്രതയോ ജീര്‍ണതയോ ഉടലെടുക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഇരു ലോകത്തും സൗഭാഗ്യം കരസ്ഥമാക്കുന്ന ഓജസ്സുറ്റ ഒരു സമൂഹത്തിന്റെ മുഖമുദ്രയാണ് മിതത്വം.

ഇസ് ലാമിന്റെ പ്രഭവ സ്ഥാനം മാനവ രക്ഷിതാവ്

ഉത്പത്തിയുടെ അടിസ്ഥാനത്തില്‍ ഇസ്്‌ലാമിക വ്യവസ്ഥ മറ്റെല്ലാ മനുഷ്യനിര്‍മിത നിയമസംഹിതകളില്‍ നിന്നും വ്യതിരക്തത പുലര്‍ത്തുന്നു. അതിന്റെ ഉത്പത്തി മനുഷ്യന്റെ സ്രഷ്ടാവില്‍ നിന്നാണ്. മനുഷ്യ പ്രകൃതിയോട് പൂര്‍ണമായുമിണങ്ങുന്ന വിധത്തിലാണത് സംവിധാനിച്ചിട്ടുള്ളത്. അപൂര്‍ണതയില്‍നിന്നും പൊരുത്തക്കേടില്‍നിന്നും ന്യൂനതകളില്‍നിന്നും പൂര്‍ണമുക്തി അവകാശപ്പെടാവുന്ന ഒരേയൊരു വ്യവസ്ഥിതിയാണത്. നിര്‍മാതാവിന്റെ ഗുണഗണങ്ങള്‍ ഉല്‍പന്നത്തില്‍ പ്രകടമാവുക സ്വാഭാവികമാണല്ലോ. പരിശുദ്ധനായ അല്ലാഹു തന്റെ സത്തയിലും ഗുണങ്ങളിലും കര്‍മങ്ങളിലും ഇഛകളിലും പരമ സമ്പൂര്‍ണനായിരിക്കെ, ഈ സമ്പൂര്‍ണത അവന്റെ നിയമനിര്‍മാണത്തിലും വിധിന്യായത്തിലും മാര്‍ഗരേഖകളിലും നിയമ വ്യവസ്ഥകളിലും പ്രകടമാവുക സ്വാഭാവികമാണ്. മനുഷ്യന്റെ യഥാര്‍ഥ സ്രഷ്ടാവും അവന്റെ എല്ലാ രഹസ്യങ്ങളുടെയും പൊരുളറിയുന്നവനും എല്ലാ കാര്യങ്ങളെക്കുറിച്ചും തികഞ്ഞ ബോധമുള്ളവനുമായ അല്ലാഹുവിനുമാത്രമേ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും യഥാവിധി ഗ്രഹിക്കാന്‍ കഴിയൂ.
മനുഷ്യ നിര്‍മിത നിയമസംഹിതകളും മാര്‍ഗരേഖകളുമൊക്കെ മേല്‍പറഞ്ഞ അവസ്ഥയില്‍നിന്നും നേര്‍ വിപരീതമാണ്. ന്യൂനത, അജ്ഞത, ദേഹേഛ, ആത്മപൂജ, വ്യക്തിതാത്പര്യം തുടങ്ങിയ കുറവുകളില്‍നിന്ന് മുക്തമാകാന്‍ അവയ്ക്ക് സാധ്യമല്ല. ബൗദ്ധിക-വൈജ്ഞാനികരംഗത്ത് മനുഷ്യന്‍ എത്ര ഉന്നതനായിരുന്നാലും ശരി, അവന്റെ ജ്ഞാനത്തിന് പരിധിയുണ്ട്; അവന്റെ ബുദ്ധി ഒരു സൃഷ്ടിമാത്രമാണ്; അവന്റെ ഗ്രാഹ്യതയും നിഷ്‌കളങ്കതയും സത്യസന്ധതയുമെല്ലാം മാനവ പ്രകൃതിയില്‍ നിന്നു തന്നെയാണുയിര്‍ക്കൊള്ളുന്നത്. ദൈവിക പരിവേഷമോ മാഹാത്മ്യമോ അവയ്ക്കില്ല. മനുഷ്യന്റെ ഈ നിസ്സഹായതക്കിടയിലാണ് ഇസ്്‌ലാം വര്‍ണരാജിയോടെ നിലകൊള്ളുന്നത്. പ്രവാചകത്വ പരിസമാപ്തിയോടൊപ്പം ഒരു ‘രാജമാര്‍ഗമെന്ന നിലയില്‍ ഇസ്്‌ലാമിനെ തൃപ്തിപ്പെട്ട് മനുഷ്യന് നല്‍കിയ അല്ലാഹുവിന്റെ കാരുണ്യം നിസ്സീമമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഋജുമാര്‍ഗം

ഋജുവാണ് ഇസ്്‌ലാമിന്റെ വഴിത്താര. വളവുകളും തിരിവുകളും അതില്‍ കണ്ടെത്തുക പ്രയാസം. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന് അതില്‍ ഗതിമാറ്റം വരുത്തുക സാധ്യമല്ല. അല്ലാഹു മുഹമ്മദ് നബി(സ)യോട് ആജ്ഞാപിക്കുന്നു: ‘താങ്കള്‍ ഈ ദീനിലേക്ക് പ്രബോധനം ചെയ്യുക. താങ്കളോട് അനുശാസിച്ചപോലെ, ഇതില്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ഈ ജനത്തിന്റെ ഇഛകളെ അനുഗമിക്കാതിരിക്കുക. ഇവരോട് പ്രഖ്യാപിക്കുക: അല്ലാഹു അവതരിപ്പിച്ച ഏതു വേദത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി പാലിക്കണമെന്ന് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും റബ്ബ് അല്ലാഹുവാകുന്നു. ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്; നിങ്ങളുടെ കര്‍മങ്ങള്‍ നിങ്ങള്‍ക്കും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു വഴക്കുമില്ല. അല്ലാഹു നമ്മെയെല്ലാവരെയും ഒരു നാള്‍ ഒരുമിച്ച് കൂട്ടുന്നതാകുന്നു. എല്ലാവര്‍ക്കും ചെന്നണയേണ്ടത് അവനിലേക്കല്ലോ.’ (15: 42)
മനുഷ്യന്റെ സ്വഛമായ പ്രകൃതിയില്‍ ഋജുഗതിയുടെ താത്പര്യമെന്തെന്ന് മനസ്സിലാവുമ്പോഴാണ് ജീവിതത്തില്‍ മിതത്വത്തിനുള്ള സ്ഥാനവും ഇസ്്‌ലാം അതിന് നല്‍കിയിട്ടുള്ള പ്രാധാന്യവും വ്യക്തമാവുക. ആദര്‍ശം, സദാചാരം, ഇടപാടുകള്‍, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയിലുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ ഇസ്്‌ലാം മുന്നോട്ടു വെച്ച അധ്യാപനങ്ങളും നിയമങ്ങളും പ്രമാണങ്ങളും മിതത്വം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മിതത്വത്തിന്റെ കാര്യത്തില്‍ മുന്‍ഗണനാക്രമമില്ല. നിഖില മണ്ഡലങ്ങളിലും അത് തുല്യപ്രാധാന്യവും പരിഗണനയുമര്‍ഹിക്കുന്നു.
ജീവിതത്തിലെ സന്തുലിതത്വം മനുഷ്യനെ ശാന്തിയുടെയും വിജയത്തിന്റെയും തീരങ്ങളിലേക്കടുപ്പിക്കുന്നു. സന്തുലിത രേഖയില്‍നിന്നുള്ള അവരോഹണമാകട്ടെ, പതനത്തിലേക്കും നാശത്തിലേക്കുമാണ് അവരെ നയിക്കുക. ഇത് ഒരു പൊതുതത്വമാണ്; എല്ലാ വസ്തുക്കളുടെയും പ്രകൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന അനിഷേധ്യ യാഥാര്‍ഥ്യം. വിശ്വാസിയുടെ ഗുണങ്ങള്‍ വിവരിക്കുന്നിടത്ത് അല്ലാഹു പറയുന്നു: ‘ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ചെയ്യാത്തവരാണവര്‍, പ്രസ്തുത അവരുടെ ചെലവുകള്‍ ഈ രണ്ടറ്റങ്ങള്‍ക്കുമിടയില്‍ മിതസ്വഭാവത്തിലുള്ളതായിരിക്കും.’ (വി.ഖു.25: 67). തീന്‍ മേശയില്‍പോലും ഈ മിതത്വം പാലിക്കല്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. തിന്നുകയും കുടിക്കുകയും ചെയ്യുവിന്‍. അമിതമാവരുത്. ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല. (7:31). ഭക്ഷണപാനീയങ്ങളിലും ആചാരങ്ങളിലും മാത്രമല്ല ആരാധനകളിലുള്ള തീവ്രതയും ജീര്‍ണതയും അല്ലാഹു വെറുക്കുന്നു. ഈ രണ്ട് ദുഃസ്വഭാവങ്ങളും അവയിലേര്‍പ്പെട്ട വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്; അവനോട് ഏതെങ്കിലും നിലയ്ക്ക് ബന്ധമുള്ള മറ്റു വ്യക്തികളെയും സമൂഹത്തെയും സമുദായത്തെയും രാഷ്ട്രത്തെയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് ബാധിക്കും. വളരെ ആഴത്തിലുള്ള വേരുകളുണ്ട് ഈ ദുരവസ്ഥക്ക്. നിസ്സാരമായിതോന്നുന്ന കാര്യങ്ങള്‍ ദൂര വ്യാപകമായ അനന്തരഫലങ്ങളുളവാക്കിയേക്കാം. ചെറിയ ചെറിയ തെറ്റുകളിലൂടെയാണല്ലോ വന്‍ പാപങ്ങളിലെത്തിച്ചേരാറുള്ളത്. ജീവിതത്തിന്റെ നിസ്സാര മേഖലകളില്‍ പോലും മിതത്വവും സന്തുലിതത്വവും മാര്‍ഗമായി സ്വീകരിക്കുകയും അതിനനുസൃതമായ ജീവിതം കാഴ്ചവെക്കുകയുമാണ് ഇരുലോകത്തും വിജയം ആഗ്രഹിക്കുന്ന സത്യവിശ്വാസിയുടെ ചുമതല. അതത്രെ മാനവജീവിതത്തില്‍ പൂര്‍ണത കരസ്ഥമാക്കാനുള്ള മാര്‍ഗം.

ഡോ.മുഹ് യിദ്ദീന്‍ ആലുവായ്‌