ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ

ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ

സാധാരണ പഠന ക്ലാസ്സുകളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ജുമുഅ ഖുത്വ് ബ. അതിന്റെ രൂപ ഭാവങ്ങള്‍, അതില്‍ പാലിക്കേണ്ട നിബന്ധനകള്‍, ഭയഭക്തി, ശാന്തത, പ്രതിഫല കാംക്ഷ- എല്ലാറ്റിനും മറ്റുള്ള പ്രസംഗങ്ങളില്‍ നിന്നും അത് വ്യത്യസ്തമായി നില്‍ക്കുന്നു. ദുഹ്‌റിന്റെ നാല് റകഅത്തുകളില്‍ രണ്ടെണ്ണത്തിന്റെ സ്ഥാനം അലങ്കരിക്കുന്നത് ഖുത്വ് ബയാണ്. ഖുത്വ് ബയുടെ ആദ്യ ഭാഗം തഖ് വ കൊണ്ട് വസിയ്യത്ത് (സദുപദേശം) ആകയാല്‍ അത് ശ്രോതാക്കള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാകേണ്ടതാണ്. നമസ്‌കാരത്തിന് ഹാജരാവേണ്ട അതേ പ്രാധാന്യം ഖുത്വ് ബക്ക് ഹാജരാവാനും ഇസ് ലാം വെച്ചിട്ടുണ്ട്. അതുകൊണ്ട് ജുമുഅ ഖുത്വ് ബ ശ്രദ്ധിക്കല്‍ ജുമുഅ നമസ്‌കാരം പോലെ തന്നെ ആഴ്ച്ചതോറും മുസ് ലിംകളുടെ മേല്‍ നിര്‍ബന്ധമായ കാര്യമാണ്. ജുമുഅ ഖുത്വ് ബയുടെ സവിശേഷതകള്‍ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രൂപത്തിലും ലക്ഷ്യത്തിലുമൊക്കെ മറ്റു പ്രബോധന-സംസ്‌കരണ പ്രഭാഷണങ്ങളോട് ഖുത്വ് ബക്ക് സാദൃശ്യം കാണാമെങ്കിലും അതിന്റെ ആത്മാവ് വേറെ തന്നെയാണ്. അത് പള്ളികളില്‍ ജുമുഅയോട് അനുബന്ധിച്ച് മാത്രം നിര്‍വഹിക്കപ്പെടുന്നവയാണ്. ബാങ്കിനും ഇഖാമത്തിനുമിടയിലാണ് അതിന്റെ സമയം. അംഗസ്‌നാനം കഴിഞ്ഞ് നമസ്‌കാര സ്ഥലത്ത് ഹാജരായ മനുഷ്യരില്‍ വിശ്വാസവും ദൈവ ഭക്തിയും നിറക്കുകയാണ് അതിന്റെ ലക്ഷ്യം. അതിന്നുതകുന്നതായിരിക്കണം അവിടെ കൈകാര്യം ചെയ്യപ്പെടുന്ന വിഷയം. പൊതുവേദിയില്‍ വെച്ച് പൊതുജനങ്ങളോട് നടത്തുന്ന ‘മൈതാന പ്രസംഗം’ മിമ്പറില്‍ അഭികാമ്യമല്ല. ഇവിടെ ചില സംശയങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികമാണ്. മുന്‍ചൊന്ന രൂപത്തില്‍ ദുഹ് ര്‍ നമസ്‌കാരത്തിലെ രണ്ട് റകഅത്തിന്റെ സ്ഥാനത്തുള്ള ഒരു ഇബാദത്താണ് ഖുത്വ്ബയെങ്കില്‍, എന്തുകൊണ്ടത് ബാങ്കിനും ഇഖാമത്തിനും ഇടയില്‍ വന്നു? അല്ലെങ്കില്‍ പതിവിനു വിപരീതമായി ബാങ്കിനും ഇഖാമത്തിനും ഇടയില്‍ നീണ്ട ഇടവേള എന്ത് കൊണ്ട്? പല മിമ്പറുകളില്‍ നിന്നും നീട്ടി വലിച്ച, സാഗരഗര്‍ജന ഖുത്വ് ബകള്‍ കേള്‍ക്കുന്നത് എന്തുകൊണ്ട്? ശ്രോതാക്കളെ മടുപ്പിക്കുകയും അവര്‍ ഉറക്കം തൂങ്ങാനും വുദു മുറിഞ്ഞു പോവാനും ഇടയാക്കുകയും ചെയ്യുന്ന വിധത്തില്‍ ഖുത്വ് ബകള്‍ നീണ്ടിഴഞ്ഞു പോകുന്നത് ശരിയാണോ?

ഇത്തരം സംശയങ്ങള്‍ക്കൊന്നും ഇടം നല്‍കാത്ത വിധത്തില്‍ പ്രവാചകന്‍ പ്രഖ്യാപിച്ചു: ‘ഒരാളുടെ ദീര്‍ഘിച്ച നമസ്‌കാരവും ഹ്രസ്വമായ ഖുത്വ് ബയും അദ്ദേഹത്തിന്റെ ഫിഖ്ഹിന്റെ നിദര്‍ശനമാണ്. അതുകൊണ്ട് നിങ്ങള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുക, ഖുത്വ് ബ ചുരുക്കുകുയം ചെയ്യുക’. (മുസ് ലിം).
ഭക്തിസാന്ദ്രവും സംക്ഷിപ്തവുമായിരിക്കണം മിമ്പറില്‍ നിന്ന് കേള്‍ക്കുന്ന ജുമുഅ ഖുത്വ് ബയെന്നതില്‍ രണ്ടഭിപ്രായമില്ല. പ്രബോധനത്തിനുള്ള ഏക വഴി ഖുത്വ് ബയാണെന്ന ധാരണ തിരുത്തുകയും വേണം. മിമ്പറില്‍ നിന്നുള്ള ആഹ്വാനങ്ങളും നിര്‍ദേശങ്ങളും ജനങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. അതിന് അതിന്റെ ഗാംഭീര്യവും മഹത്വവും ഉണ്ടായാല്‍ മാത്രമേ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയൂ. തര്‍ക്ക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും, സ്വന്തം വീക്ഷണത്തോട് വിയോജിപ്പുള്ളവരെ വിമര്‍ശിക്കാനും ഖുത്വ് ബ ഉപയോഗപ്പെടുത്തിക്കൂടാ. താരതമ്യേന തര്‍ക്കമറ്റ ദീനീ വിഷയങ്ങളാണ് ഖുത്വ് ബയില്‍ കൈകാര്യം ചെയ്യേണ്ടത്. ഓരോ ജുമുഅയും പാപമോചനത്തിനുള്ള വഴിയാണ്. എതിര്‍ വീക്ഷണങ്ങളെ തീരെ പരിഗണിക്കാതെയുള്ള അഭിപ്രായങ്ങള്‍ ജുമുഅക്ക് വരുന്നവരെ മടുപ്പിക്കുന്നത് തീര്‍ച്ചയാണ്. ഐക്യത്തിന്റെ പ്രതീകമായ ജുമുഅ അനൈക്യത്തിന് നിമിത്തമാകുന്നത് ഏന്തുമാത്രം ദുഃഖകരമാണ്. മനുഷ്യന് തത്വജ്ഞാനവും വിജ്ഞാനീയങ്ങളും നല്‍കാനും അവരെ സംസ്‌കരിക്കാനും വേണ്ടിയുള്ള പ്രവാചക നിയോഗത്തെ എടുത്ത പറുയന്ന ‘അല്‍ ജുമുഅ’ എന്ന അധ്യായം തന്നെ ഐക്യത്തിന്റെ പ്രതീകമാണല്ലോ. വെള്ളിയാഴ്ച്ച ഒത്തുകൂടുന്നവരില്‍ പണ്ഡിതന്‍, പാമരന്‍, മുതിര്‍ന്നവര്‍, കുട്ടികള്‍, ആരോഗ്യന്‍, അനാരോഗ്യന്‍, സമ്പന്നന്‍, ദരിദ്രന്‍ തുടങ്ങി പലതരക്കാരുണ്ടാകും. അവരെ അഭിമുഖീകരിക്കുമ്പോള്‍ തന്റെ ഭാഷാ പരിജ്ഞാനവും വാഗ്വിലാസവും പ്രകടിപ്പിക്കാനാണ് ഖതീബ് മുതിരുന്നതെങ്കില്‍, അത് തികഞ്ഞ വങ്കത്തമായിരിക്കും. കടുകട്ടിയുള്ള ഭാഷ നിശ്ശേഷം ഒഴിവാക്കുക. അത് ഭൂരിഭാഗത്തിന്റെയും വെറുപ്പ് സമ്പാദിക്കാനെ ഉതകൂ. ലളിത ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവരുടെ മനസ്സിനെ ഇണക്കുകയാണ് വേണ്ടത്.
ഒരു ഖുത്വ് ബകൊണ്ട് ശ്രോതാക്കളെ സകല വിഷയങ്ങളിലും വിജ്ഞരും ഉദ്ബുദ്ധരുമാക്കിക്കളയാമെന്ന് ഒരു ഖതീബും വ്യാമോഹിക്കരുത്. വിജ്ഞാന പ്രചാരണത്തേക്കാളേറെ ഈമാനിന്റെയും തഖ് വയുടെയും പോഷണമാണ് ഖുത്വ് ബകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

മിമ്പറില്‍ പാലിക്കേണ്ട മര്യാദകള്‍

ലോകത്ത് ഏറ്റവും പരിശുദ്ധവും പരിപാവനുമായ സ്ഥലത്താണ് താന്‍ നില്‍ക്കുന്നതെന്ന ബോധമാണ് പരമ പ്രധാനമായി ഖതീബുനുണ്ടാവേണ്ടത്. അട്ടഹാസവും വെല്ലുവിളിയും നാടകീയതയും അതിന്റെ പരിശുദ്ധിയെ ഇകഴ്ത്താനേ ഉപകരിക്കൂ. ഖേദകരമെന്നു പറയട്ടെ, പല ഖതീബുമാരും പ്രവാചക ചര്യക്ക് വിപരീതമായി, ഇത്തരം രൂപത്തിലൊക്കെയാണ് ഖുത്വ് ബ നിര്‍വഹിച്ചുവരുന്നത്. രണഭൂമിയിലെ ശത്രുവിനെ എന്നപോലെ, ഖുത്വ് ബ ശ്രവിക്കുന്നവരെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യാന്‍ പോലും ഇത്തരക്കാര്‍ക്ക് മടിയില്ല. അധിക്ഷേപം ആരില്‍ നിന്നായാലും -കാരണമൊന്നുമില്ലാതെയാകുമ്പോള്‍ പ്രത്യേകിച്ചും- ആരും ഇഷ്ടപ്പെടുകയില്ല. ഈ രൂപത്തിലുള്ള ഖുതുബകള്‍ പള്ളിയിലെ ജനസംഖ്യ കുറക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതില്‍ സംശയമില്ല. പാര്‍ശ്വസ്പര്‍ശിയായ പ്രശ്‌നങ്ങളും ശാഖാപരമായ ഭിന്നതകളും വ്യക്തിദൂഷ്യങ്ങളും മിംമ്പറില്‍ വലിച്ചിടുന്നത് സാമാന്യമായി പറഞ്ഞാല്‍ നീചമാണ്. ഉമ്മത്തിന്റെ ഭദ്രത തകര്‍ക്കാനും അണികളില്‍ മടുപ്പ് സൃഷ്ടിക്കാനുമല്ലാതെ മറ്റെന്തു ഗുണമാണതുകൊണ്ട് നേടാന്‍?
പ്രവാചക മാതൃക മാത്രമാണ് ഖുതുബയില്‍ നമുക്ക് മാതൃകയാവേണ്ടത്. ചുരുങ്ങിയ സമയത്തില്‍ പറയാനുള്ളത് സമഗ്രമായി പറയുകയായിരുന്നു പ്രവാചകന്‍ ചെയ്തിരുന്നത്. വസ്തുതപരമായിരിക്കണം അവതരണം. മൊത്തം പ്രസംഗങ്ങളില്‍ പ്രവാചകനും അനുയായികളും സ്വീകരിച്ചിരുന്ന നയമായിരുന്നു ഇത്. സ്വഹാബികളില്‍ ഒന്നാന്തരം പ്രസംഗകന്‍മാരുണ്ടായിരുന്നെങ്കിലും അധികം നീട്ടി വലിച്ച് പ്രസംഗിച്ചതായി ആരെയും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ബുദ്ധിമാന്‍മാരുടെ പ്രഭാഷണത്തിലുണ്ടായിരിക്കേണ്ട നാല് അടിസ്ഥാന കാര്യങ്ങള്‍ നബി നിര്‍ണയിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ജാബിറുബ്‌നു അബ്ദില്ലായില്‍ നിന്ന് നിവേദനം. നബി പറഞ്ഞു: ‘നിങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവരും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും അടുപ്പമുള്ളവരും നിങ്ങളിലെ സല്‍സ്വഭാവികളാണ്. എനിക്കേറ്റവും വെറുപ്പുള്ളവരും അന്ത്യദിനത്തില്‍ എന്നോട് അകന്നവരും വായാടികളും വാചാലന്‍മാരും ഔന്നത്യഭാവത്തോടെ വായനിറച്ചു സംസാരിക്കുന്നവരുമാണ്’ (തിര്‍മിദി). സാധാരണ സംസാരത്തില്‍ പോലും ഉപേക്ഷിക്കപ്പെടേണ്ട ഇത്തരം ദുര്‍ഗുണങ്ങള്‍ മിമ്പറുകളില്‍ ഒരിക്കലും സ്ഥാനം പിടിക്കാന്‍ പാടില്ലാത്തതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മറ്റൊരു തിരുവചനം കാണാം: ‘വിടുവായനായ പ്രസംഗകനെ അല്ലാഹു വെറുക്കുന്നു’

(അബൂ ദാവൂദ്, തിര്‍മുദി).

തത്സംബന്ധമായി ഇനിയും ധാരാളം തെളിവുകള്‍ നിരത്താന്‍ കഴിയും. പ്രഭാഷണത്തേക്കാള്‍ പ്രവര്‍ത്തനത്തിനു മുന്‍തൂക്കം നല്‍കിയ ഒരു പ്രത്യശാസ്ത്രത്തിനു അങ്ങനെയാവേനേ തരമുള്ളൂ. അനുവാചകരെ അലോസരപ്പെടുത്താതെ താന്‍ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സഗൗരവം സംക്ഷിപ്തമായി അവതരിപ്പിച്ച്, മാതൃകയെന്നോണം ജീവിതത്തില്‍ പകര്‍ത്തികാണിച്ചു കൊടുക്കുകാണ് ഖതീബ്ബും ഇമാമും പ്രബോധകനും ചെയ്യേണ്ടത്. ജീവിതത്തില്‍ തങ്ങിനില്‍ക്കാതെ വായുവില്‍ ലയിച്ചുചേരുന്ന ജല്പനങ്ങള്‍കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഖതീബുമാര്‍ മനസ്സിലാക്കണം.

ഡോ. മുഹ് യിദ്ദീന്‍ ആലുവായ്